മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ
1 min read

മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ എന്ന ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സമൂഹം വളരെയേറെ ചർച്ചചെയ്യുന്ന ക്വീർ പൊളിറ്റിക്സ് ആണ് ചിത്രത്തിന്റെ അന്തസത്ത. ഇത്രയും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ജിയോ ബേബി ഏറെ കയ്യടക്കത്തോടെ പ്രേക്ഷകന് മുൻപിലെത്തിച്ചിട്ടുണ്ട്.

കാതൽ 40മത്തെ ദിവസവും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ധാരാളം വലുതും ചെറുതുമായ സിനിമകൾ വന്നിട്ടും ഈ ജിയോ ബേബി ചിത്രം ശക്തമായി യാത്ര തുടരുന്നു. നവംബർ 23നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. സ്ലോ ഫേസിൽ സഞ്ചരിച്ച് സുഖമുള്ളൊരു വേദന‍ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഈ സിനിമ മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ‘കാതൽ ദി കോർ’ൽ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന വൈകാരിക ഘടകങ്ങളെയെല്ലാം തൊട്ട് തലോടി പോകുന്നു കാതൽ.

അൻവർ അലിയും ജാക്വിലിൻ മാത്യുവും ചേർന്ന് വരികൾ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകർന്നത്. സാലു കെ തോമസ് ഛായാഗ്രാഹണം നിർഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസ് കൈകാര്യം ചെയ്തു.