‘കാതല്‍’ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് ‘കാതല്‍’ …! കളക്ഷനുമായി ഏരീസ്പ്ലക്‌സ്
ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതല്‍-ദ കോര്‍. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് കാണുന്നത്. നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാതല്‍ റിലീസ് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുള്‍ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാത്യു ദേവസി ആയി മമ്മൂട്ടി സ്‌ക്രീനില്‍ തകര്‍ത്താടുന്നതിനിടെ ആദ്യ വാരാന്ത്യത്തില്‍ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്‌സ്.
കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്‌സില്‍ നടന്നിരിക്കുന്നത്. ഇതില്‍ നിന്നും കാതല്‍ നേടിയിരിക്കുന്നത് 16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്. കളക്ഷന്‍ വിവരങ്ങള്‍ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോ?ഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ചെയ്യാത്ത വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ജ്യോതിക ആണ് നായിക. മാത്യു ദേവസിയ്‌ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റടുത്തു. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ റിലീസ് ചെയ്ത നാലാമത്തെ സിനിമ കൂടി ആയിരുന്നു കാതല്‍. കണ്ണൂര്‍ സ്‌ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മറ്റ് മൂന്ന് സിനിമകള്‍. ആദ്യദിനം 150 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തതെങ്കില്‍ രണ്ടാം ദിനം ആയപ്പോഴേക്കും അത 175 സ്‌ക്രീനുകള്‍ ആക്കിയിരുന്നു. വരും ദിവസങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായേക്കാം.
നിലവില്‍ ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അനൌദ്യോഗിക വിവരം. അതേസമയം, കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 80 കോടിക്ക് മേല്‍ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് കാതലും കണ്ണൂര്‍ സ്‌ക്വാഡും നിര്‍മിച്ചത്.