ഇന്ദ്രൻസിനെ തള്ളി ജൂറി ചെയർമാൻ; ഹോം അവസാനഘട്ടത്തിലേക്ക് എത്തിയില്ലെന്ന് സെയ്ദ് മിര്‍സ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ അവാർഡ് നിർണയിച്ച ജൂറിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. സർക്കാർ അനുകൂലികളെ പ്രത്യേകം പരിഗണിച്ച് അവർക്ക് അവാർഡ് നൽകി എന്നാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പറയുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി നടൻ ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു. എന്നാൽ അവാർഡ് നിർണയത്തിൽ നിന്നും ഹോം സിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് ജൂറി ചെയര്മാന് സെയ്ദ് അഖ്തര്‍ മിര്‍സ. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന് ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനം അനുസരിച്ചാണെന്നും മിര്‍സ അറിയിച്ചു. വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്നതുകൊണ്ട് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ജൂറി ഹോം കണ്ടിട്ടില്ല എന്ന് ഉറപ്പാണെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവുമെന്നും കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോയെന്നും ഇന്ദ്രൻസ് ചോദിച്ചു. ഇന്ദ്രൻസിന്റെ വാക്കുകൾ നിരവധിപേർ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂറി വിശദീകരണവുമായി രംഗത്തെത്തിയത്. മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസിന് ലഭിക്കുമെന്നായിരുന്നു അധികമാളുകളും വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെ സംഭവിക്കാത്തതും മികച്ച നടന്മാരിൽ ഒരാളായി ജോജുവിനെ തിരഞ്ഞെടുത്തതും പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
ഇതിന് മുമ്പേ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ചതിന് ജോജുവിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. അവാർഡ് ലഭിച്ചതിനുശേഷം നിരവധി വിമർശനങ്ങളാണ് ജോജുവിനെതിരെ ഉയരുന്നത്. അവാർഡ് നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഇന്ദ്രൻസിന്റെ ഫോട്ടോ ഷെയർ ചെയ്തിരുന്നു.
കലയെ കലയായിട്ടാണ് കാണേണ്ടതെന്നും കലയെ കശാപ്പ് ചെയ്യാന്‍ പാടില്ലയെന്നും, ഒരു വീട്ടില്‍ ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എന്നും ഇന്ദ്രൻസ് ചോദിച്ചിരുന്നു. എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ എന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ടെന്നും അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല.
ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ജൂറി ഈ ചിത്രം കണ്ടിട്ടില്ല എന്നുറപ്പാണ്. കാണരുതെന്ന് ആഗ്രഹിച്ചവരും ഉണ്ടായിരുന്നിരിക്കാം. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. ഇനി കേസിൽ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ചിത്രം പരിഗണിക്കുമോ? ഇല്ലല്ലോയെന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു. തനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ അല്ല ചിത്രം പരിഗണിക്കാത്തതിലാണ് വിഷമമെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. തന്റെ കൂട്ടുകാരായ ബിജുമേനോനും ജോജു ജോർജിനും അവാർഡ് കിട്ടിയതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അവാര്‍ഡിന് വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.