“ഫഹദ് Best Actor! മുളക് ബജി പോലെ” : കമൽഹാസൻ
1 min read

“ഫഹദ് Best Actor! മുളക് ബജി പോലെ” : കമൽഹാസൻ

വിക്രം എന്ന സിനിമയെപറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയെ. തെന്നിന്ത്യന്‍ സിനിമലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായെത്തുന്ന വിക്രം. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയകളിലെല്ലാം പ്രമോ വീഡിയോ തരംഗം തീര്‍ക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയപ്രകടനത്തേയും ഫഹദ് എന്ന നടനേയും കുറിച്ച് കമല്‍ ഹാസന്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. അപ്പോഴാണ് ഫഹദിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്. ഫഹദ് മുളക് ബജ്ജി പോലെയാണെന്നും സാധാരണ ബജ്ജി പോലെയോ, ഉള്ളി ബജ്ജി പോലെയോ ആണെന്ന് കരുതി കഴിക്കുന്നവര്‍ക്ക് അനുഭവം വേറെ ആയിരിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു. ഫഹദ് നല്ലൊരു നടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ സൂര്യ, വിജയ് സേതുപതി, ജയറാം എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമിറങ്ങിയ പ്രമോയില്‍ തെന്നിന്ത്യയിലെ നാല് നടന്മാര്‍ ഒന്നിച്ചുള്ള വീഡിയോയാിരുന്നു പുറത്ത് വിട്ടത്. മലയാളത്തില്‍ നിന്ന് ജയറാമും , തമിഴില്‍ നിന്ന് യുഗി സേതുവും, തെലുങ്കില്‍ നിന്ന് ശ്രീമാനും, കന്നഡയില്‍ നിന്ന് രമേശ് അരവിന്ദുമാണ് വീഡിയോയില്‍ എത്തുന്നത്. ചിത്രത്തില്‍ സൂര്യ എത്തുന്നുവെന്നുള്ള വാര്‍ത്തയും ഏറെ വൈറലായിരുന്നു. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ മൂന്നാംഭാഗം ഉണ്ടാകുമെന്നും കമല്‍ഹാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.

വിക്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ഒടിടി റൈറ്റ്‌സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനാണ്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.