നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ
1 min read

നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടിയുടെ കാതൽ തിയേറ്ററുകളിൽ എത്തി. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭാര്യ ഓമനയായി ജ്യോതികയും തകർത്തു എന്നാണ് അഭിപ്രായങ്ങൾ.

ഈ അവസരത്തിൽ സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. തങ്ങളുടെ താരങ്ങൾ കോടി ക്ലബ്ബിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണെന്ന് വിശൻ പറയുന്നു ‘ഇത് സ്നേഹം- കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുകയാണ്!!! സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂ’, എന്നാണ് വിശൻ കുറിച്ചത്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ആദ്യദിനം കാതൽ നേടിയ കളക്ഷൻ 1.5 കോടിയാണെന്ന് ട്രാക്കർന്മാർ പറയുന്നു. ഇന്ന് മുതൽ ഷോകളുടെയും സ്ക്രീനുകളുടെയും എണ്ണത്തിൽ വർദ്ധനവുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കാതൽ ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ ദിവസമാണ് കാതൽ റിലീസ് ചെയ്തത്. ജ്യോതികയാണ് നായിക. ഓമന എന്ന കഥാപാത്രമായി ഉള്ളുതൊടുന്ന അഭിനയം ആണ് ജ്യോതിക സ്ക്രീനിൽ കാഴ്ച വച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്.