പള്ളിയിലെ കീബോർഡ് വായനക്കാരനിൽ നിന്ന് ഗുളികൻറെ അത്ഭുതലോകത്തേക്ക്!; ‘ഗു’ സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ ശബ്‍ദങ്ങൾക്കും പാട്ടുകൾക്കും പിന്നിൽ ജോനാഥൻ ബ്രൂസ്
1 min read

പള്ളിയിലെ കീബോർഡ് വായനക്കാരനിൽ നിന്ന് ഗുളികൻറെ അത്ഭുതലോകത്തേക്ക്!; ‘ഗു’ സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ ശബ്‍ദങ്ങൾക്കും പാട്ടുകൾക്കും പിന്നിൽ ജോനാഥൻ ബ്രൂസ്

ലയാള സിനിമാ ലോകത്ത് വ്യത്യസ്തതയുടെ പാറ്റേൺ പിടിച്ചെത്തിയ സിനിമകളുടെ തുടർച്ചയായിരിക്കുകയാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ​’ഗു’. മലയാളത്തിൽ ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രമെന്ന് വേണം ഇതിനെ പറയാൻ. ഹൊറർ ജോണറിലിറങ്ങിയ ഈ വർഷത്തെ ആദ്യത്തെ സിനിമ ‘ഭ്രമയു​ഗ’മായിരുന്നു. ഇപ്പോഴിതാ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻറെ ബാനറിൽ ​’ഗു’ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ഭയപ്പെടുത്തുന്നതും ഒപ്പം കൗതുകം ഉണർത്തുന്നതുമായ ഒട്ടേറെ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്.

സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളുമൊക്കെ പുതുമയുള്ളൊരു അനുഭവം നൽകുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. ഒരു തരം നിഗൂഢത ഫീൽ ചെയ്യിക്കുന്ന തരം പാട്ടുകളാണ് ചിത്രത്തിലേത്. ഹൊറർ സിനിമകളിൽ ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ചില ശബ്‍ദങ്ങളുമുണ്ട് ‘​ഗു’വിൻറെ പശ്ചാത്തലത്തിൽ. അതിന് പിന്നിൽ ജോനാഥൻ ബ്രൂസ് എന്ന സം​ഗീത സംവിധായകനാണ്. ഇഷ, ചൂയിം​ഗം, റാണി തുടങ്ങി ഇതിനകം ചെയ്ത പടങ്ങളിലൂടെയെല്ലാം പ്രേക്ഷകന് അസാധ്യ കേൾവിയനുഭവം സമ്മാനിച്ച ഇദ്ദേഹത്തിൻറെ മാസ്റ്റർപീസ് വർക്കുകളിൽ ഒന്നായിരിക്കുകയാണ് ​’ഗു’.

സാധാരണ മന, കാവ് തുടങ്ങിയവയെല്ലാം ഫ്രെയിമിൽ വരുമ്പോൾ എല്ലാവരും മ്യൂസിക്കിൽ ഒരു പതിവ് പാറ്റേൺ പിന്തുടരുന്നത് കാണാം. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന, എന്നാൽ ഭയത്തിൽ ഒട്ടും കുറവ് വരാത്ത പ്രത്യേക തരം മ്യൂസിക് ആയിരുന്നു ജോനാഥൻ ‘ഗു’വിൽ അവലംബിച്ചിരിക്കുന്നത്. അതിന് പിന്നിൽ ഈ സം​ഗീതസംവിധായകൻറെ സെൻസിബിൾ ചിന്ത തന്നെയാണ്.‌‌

ഈ കാലത്തിൻറെ ട്രെൻഡ്

സംവിധായകനും എഴുത്തുകാരനും സിനിമയെക്കുറിച്ചുണ്ടായിരിക്കേണ്ട അതേ ധാരണ സം​ഗീത സംവിധായകനും അനിവാര്യമാണെന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ മനസിലാകും. മലബാർ മേഖലയിലുള്ള ഒരു തറവാട്ടിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ വരുന്ന മിന്ന ഒരു പെൺകുട്ടിയും അച്ഛനും അമ്മയും മറ്റ് ബന്ധക്കളും അവരുടെ കുട്ടികളും ആ വീട്ടിലെ തന്നെ മറ്റ് കുട്ടികളുമാണ് സിനിമയുടെ പ്രധാന ഘടകം. ഇവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സ്ക്രീനിൽ പുതിയ തലമുറയിലെ കുട്ടികളായതുകൊണ്ട് അവരുടെയൊരു ട്രെൻഡ് പിടിച്ച് കൊണ്ടാണ് സിനിമയിലെ സംഗീതം ഒരുക്കിയതെന്ന് ജോനാഥൻ പറയുന്നു. എന്നാൽ അതോടൊപ്പം തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ മന, കാവ്, തെയ്യം ഇവയുടെയൊക്കെ ആ പഴയകാല ടച്ച് കളയാത്ത രീതിയിലുമാണ് ചിത്രത്തിന് സം​ഗീതം നിർവ്വഹിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിൻറെ വാക്കുകൾ.

​ ​ഗുളികൻറെ മാന്ത്രിക ശബ്‍ദം

ഗുളികൻ ഒരു പ്രധാനകഥാപാത്രമായി വരുന്നത് നമ്മൾ മലയാള സിനിമയിൽ അധികം കണ്ടിട്ടേയില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് ഹൊറർ ജോണറിലുള്ളൊരു സിനിമയിൽ. അതിന് പുറമെ വ്യത്യസ്തമായ മ്യൂസിക്കും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ട്രെൻഡിങ് മ്യൂസിക് എന്ന് വേണമെങ്കിൽ പറയാം. സിനിമയിലെ ​ഗാനങ്ങളും അതിമനോഹരമാണ്, ഒരുതരം ചടുലതയുണ്ട് എല്ലാത്തിലും. വേറെ എടുത്ത് പറയേണ്ടത് ​ഗുളികൻറെ ശബ്ദം തന്നെ എടുത്ത് പല സ്ഥലത്തും ഉപയോ​ഗിച്ചിരിക്കുന്നതാണ്. ഒരു തരം ഹോണ്ടിങ് അനുഭവം സിനിമയിലെ പല സീനുകളിലും അത് നൽകുന്നുണ്ട്. ഇത് പ്രേക്ഷകർക്ക് വളരെയധികം കണക്റ്റ് ചെയ്യാൻ കഴിയുന്ന മ്യൂസിക് ആണ്. ചിത്രത്തിലെ തീം സോങും ക്ലൈമാക്സ് പോർഷനിലെ മ്യൂസികും പന്തം പാട്ടുമൊക്കെ സിനിമയുടെ ടോട്ടൽ മൂഡിനോട് ഏറെ ചേർന്നുനിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓരോ സീനും ഹൈ ആക്കുന്നതിന് ദുരൂഹതയുണർത്തുന്ന രീതിയിലുള്ള ശബ്‍ദങ്ങൾ ഉപയോഗിച്ചിട്ടുള്ളതും പ്രത്യേകതയാണ്.

പള്ളിയിൽ കീബോർഡ് വായിച്ച് തുടക്കം

അതേസമയം കഴിഞ്ഞ പതിനെട്ട് വർഷത്തോളം ഈ മേഖലയിൽ തുടരുന്ന ജോനാഥൻ ബ്രൂസ് എന്ന കലാകാരൻ 2006- 2008 കാലഘട്ടത്തിൽ ആൽബം പാട്ടുകൾക്ക് സം​ഗീതം ചെയ്താണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. 2013ൽ പുറത്തിറങ്ങിയ ‘ചൂയിം​ഗം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സം​ഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഇതിന് മുൻപ് നിരവധി ഹൃസ്വ ചിത്രങ്ങൾക്ക് വേണ്ടിയും ഇദ്ദേഹം മ്യൂസിക് കംപോസ് ചെയ്തിട്ടുണ്ട്. ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്നതിനൊപ്പം തന്നെ നാലാം ക്ലാസ് മുതൽ ജോനാഥൻ പള്ളിയിലെ കീബോർഡിസ്റ്റായിരുന്നു. പ്രഫഷണലായി സം​ഗീതം പഠിച്ചത് ​ഗായകൻ യേശുദാസിൻറെ തരം​ഗിണിയിൽ നിന്നായിരുന്നുവെന്ന് നല്ലൊരു ഗായകൻ കൂടിയായ ജോനാഥൻ പറയുന്നു.