ത്രില്ലര്‍ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് മികച്ച വിജയത്തിലേയ്ക്ക്
മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. തൻ്റെ സിനിമകളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത കൊണ്ടു വരുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
2013 – ൽ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹൻ ലാൽ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രമായി. 2015 ൽ ദൃശ്യം തമിഴിലേയ്ക്ക് പാപനാശം എന്ന പേരിൽ കമലഹാസനെ നായകനാക്കി ജീത്തു റീമെയ്ക്ക് ചെയ്തു. ദ ബോഡി എന്ന ഹിന്ദി സിനിമയും, തമ്പി എന്ന തമിഴ് സിനിമയും ജീത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. 2020 ൽ ദൃശ്യം 2 അദ്ദേഹം സംവിധാനം ചെയ്തു. സിനിമ മികച്ച വിജയമായി മാറുകയും ചെയ്തു. മമ്മി & മി, മൈ ബോസ്സ്, മെമ്മറീസ്, തുടങ്ങിയവ അദ്ദേഹത്തി ൻ്റെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. പൃഥ്വിരാജ് നായകനായ മെമ്മറീസും ജിത്തുവിൻ്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
സസ്പെൻസ് ത്രില്ലറുകളുടെ സൂത്രധാരനായ സംവിധായകൻ എന്നാണ് ജീത്തു ജോസഫ് വിശേഷിപ്പിക്കാറുള്ളത്. റിലീസായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്ക് ഇടയിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന മറ്റൊരു ത്രില്ലർ പടം കണ്ടതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.
ജീത്തു ജോസഫ് കുറിച്ചത് ഇങ്ങനെ …
’21 ഗ്രാംസ് കണ്ടു. ഒരു നല്ല മിസ്റ്ററി സിനിമ. സസ്പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.ബിബിന്‍ കൃഷ്ണ. അനൂപ് മേനോന്, ലിയോണ ലിഷോയ്, അനു മോഹന്‍’ എല്ലാവർക്കും.”
സംവിധായകൻ ജീത്തു ജോസഫ് ഉൾപ്പടെയുള്ളവർ സിനിമയ്ക്ക് മികച്ച അഭിപ്രായം പങ്കുവെക്കുമ്പോൾ സിനിമ അടിപൊളിയെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ രമേഷ് പിഷാരടിയും ,സംവിധായകൻ വിനയൻ ഉൾപ്പടെയുള്ളവർ പങ്കുവെച്ചിരുന്നു. പ്രേക്ഷകരിൽ നിന്നും,സിനിമ മേഖലയിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്. അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററിൽ എത്തിയചിത്രമാണ് 21 ഗ്രാംസ്. മാര്‍ച്ച് 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.സസ്പെന്‍സ് ത്രില്ലറായ ചിത്രത്തിന് മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ് രൂപപ്പെടുത്താൻ സാധിച്ചു എന്നാണ് പ്രേക്ഷക അഭിപ്രായം.
വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് “ബുക്ക് മൈ ഷോയിൽ” ഉൾപ്പടെ മികച്ച അംഗീകാരമാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചത്. അമൽ നീരദ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തെ പോലും പിന്തള്ളിയാണ് 21 ഗ്രാംസ് ഈ നേട്ടം കരസ്ഥമാക്കിയത്. ഭീഷ്മ പർവ്വത്തിന് 91 ശതമാനം റേറ്റിങ്ങ് ലഭിച്ചപ്പോൾ 21 ഗ്രാംസ് ഈ നേട്ടം മറി കടന്നത് 95 ശതമാനം റേറ്റിങ്ങിലൂടെയാണ്.