‘ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ ചെറുത്.. വലുത് വരാൻ പോകുന്നതേയുള്ളൂ..’ : ജീത്തു ജോസഫ്
ത്രില്ലര്‍ സ്വഭാവത്തില്ലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന് ജീത്തു ജോസഫ് ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ്.
ഇതില്‍ ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യത്തിന്റെ വിജയം ജീത്തു ജോസഫ് എന്ന സംവിധായകനേയും എഴുത്തുകാരനെയും ഏറെ പ്രശസ്തനാവാൻ സഹായിച്ചതാണ്.
മലയാള സിനിമയിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ ചിത്രമെന്ന നിലയിലെത്തിയ ദൃശ്യം റിലീസിന് പിന്നാലെ ത്രില്ലര്‍ എന്ന നിലയിലേക്ക് പോവുകയായിരുന്നു. അതൊരു വലിയ വിജയമായിരുന്നു. ജിത്തു ജോസഫ് അവസാനം സംവിധാനം ചെയ്ത ട്വൽത്ത്ൽമാൻ എന്ന സിനിമയിലും നായകൻ മോഹൻലാൽ തന്നെയാണ്. അതും ത്രില്ലർ ഗണത്തിൽപെടുന്നതാണ്. എന്നാല്‍ ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ കൊച്ചു സിനിമയായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം മെമ്മറീസാണ് ത്രില്ലറെന്നും പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 2013- ൽ അദ്ദേഹം സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമായിരുന്നു മെമ്മറീസ്. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിൽ എത്തിയ ചിത്രം അനന്തവിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് നിർമ്മിച്ചത്. ചിത്രം അന്നും ഇന്നും മികച്ച പ്രതികരണങ്ങളാണ് നേടിയത്. സമൂഹമാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിൽ ഇന്നും മെമ്മറീസ് എന്ന ചിത്രം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതുതന്നെയാണ് ജിത്തു ജോസഫ് എന്ന സംവിധായകന്റെ വിജയവും.
‘ദൃശ്യം ഒന്നും രണ്ടും,ട്വല്‍ത്ത് മാനുമൊക്കെ കൊച്ചു സിനിമ തന്നെയാണ്. അതില്‍ പല സിറ്റുവേഷന്‍സ് ഉണ്ടന്നേയുള്ളൂ. ലാലേട്ടന് വരുന്നതുകൊണ്ടാണ് അതൊരു വലിയ സിനിമയാവുന്നത്. 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പടമാണത്. എന്നും ജീത്തുജോസഫ് പറയുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുൻപേ ഹോട്സ്റ്റാറിന് കൊടുക്കും എന്ന് തീരുമാനിച്ചിരുന്ന സിനിമയാണ് ട്വല്‍ത്ത് മാന്‍. കൊവിഡിന്റെ സാഹചര്യത്തില്‍ ഒരു കൊച്ചു സിനിമ എന്ന രീതിയില്‍ ചെയ്തതാണത്.എന്നാല്‍ ദൃശ്യം ടു അങ്ങനെയല്ലായിരുന്നു. തിയേറ്റര്‍ തുറക്കും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയത്. കോവിഡിൽ പെട്ട് നിര്‍വാഹമില്ലാതെ ഒ. ടി.ടി റിലീസ് ചെയ്തതാണ്. അതും ഒരു വിധത്തില്‍ അനുഗ്രഹമാണെന്ന് പറയാം. ഒ.ടി.ടിയില്‍ കിട്ടിയ ലോകമെമ്പാടുമുള്ള പ്രേക്ഷക പിന്തുണ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ കിട്ടില്ലായിരുന്നു. മാക്സിമം അളുകളിലേക്ക് എത്തുക എന്നതാണ് നമ്മുടെ സന്തോഷവും ലക്ഷ്യവും. ദൃശ്യം ടുവിന് ശേഷം ഈ കോമ്പിനേഷനില്‍ അടുത്ത സിനിമ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ അല്ലാത്ത ആളുകളും ട്വൽത്ത്മാൻ കാണും എന്ന് അദ്ദേഹം പറഞ്ഞു.
മെയ് 20നാണ് ട്വല്‍ത്ത് മാൻ ഒടി ടിയിൽ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഈ ത്രില്ലെർ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്,സൈജു കുറുപ്പ്,ലിയോണ ലിഷോയ്,അനുശ്രീ, അദിതി രവി, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന റാം, ആസിഫ് അലി നായകനാകുന്ന കൂമന് എന്നിവയാണ് ഇനി പുറത്ത് വരാനുള്ള ജീത്തു ജോസഫിന്റെ ചിത്രങ്ങള്‍. ഇതിൽ ആസിഫുമായി ചെയ്യുന്ന കൂമന് ഒരു ത്രില്ലറാണ്.