Latest News

ക്രൈം ത്രില്ലറുകൾക്ക് കൊഴുപ്പേകാൻ അവിഹിതം നിർബന്ധമോ? സോഷ്യൽ മീഡിയയുടെ ചോദ്യമിതാണ്

അവിഹിതബന്ധങ്ങളുടെ ചുരുളഴിക്കാൻ ഒരു പന്ത്രണ്ടാമൻ എന്നതിൽ കവിഞ്ഞ് ട്വൽത്ത് മാനിൽ ഒരു കുറ്റാന്വേഷകൻ സഞ്ചരിക്കുന്ന വഴികളിലൂടെയായിരുന്നു സിബിഐ ഓഫിസറായ ചന്ദ്രശേഖർ (മോഹൻലാൽ ) സഞ്ചരിച്ചതെന്ന് പറയാൻ വയ്യ. എന്നാൽ കൊലപാതകത്തിൽ അവിഹിതം തിരുകിക്കയറ്റിയാലേ കാണികൾക്ക് ഒരു സാറ്റിസ്ഫാക്ഷൻ ഒക്കെ കിട്ടൂ ..അല്ലേ ? ഈ തന്ത്രം മാത്രമാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ അവർത്തിച്ചിരിക്കുന്നതെന്ന പൊതുജനത്തിന്റെ ആരോപണം ശക്തമാവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ അവിഹിത ബന്ധങ്ങളിൽ മുങ്ങി കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ തുടക്കം മുതൽക്കു തന്നെ ഒരവിഹിതത്തിന്റെ സാധ്യതയും നമുക്ക് കാണാൻ കഴിയും.

ഒരു വ്യക്തിക്ക് ഭർത്താവല്ലാത്ത/ ഭാര്യയല്ലാത്ത ഒരാളുമായി ഒരു ബന്ധമുണ്ടാകുന്നത് ഒരു വലിയ അപരാധമായി ചിത്രീകരിക്കപ്പെടുകയും അത് സിനിമ എന്ന മാധ്യമത്തിലൂടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നത് , ഇതൊക്കെയാണ് ഇപ്പോഴും സമൂഹം ആവശ്യപ്പെടുന്നത് എന്ന മിഥ്യാ ധാരണയിലാണ്. ഇന്ന് നിമപരമായി പോലും ഇത്തരം ബന്ധങ്ങൾ തെറ്റല്ല. അപ്പോഴാണ് വാനോളം പ്രതീക്ഷകളുമായി മലയാളത്തിലെ കഴിവുറ്റ സംവിധായകർ ഇത്തരം കാലഹരണപ്പെട്ട പ്രമേയങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്തായാലും ട്വൽത്ത് മാനിലെ അവിഹിതം ഇച്ചിരി കൂടിപ്പോയെന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.


ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ സന്തോഷമായിരുന്നു സിബിഐ അഞ്ചാം ഭാഗത്തിൽ പ്രേക്ഷകർക്കുണ്ടായിരുന്നത്. സിനിമയുടെ പ്രമോഷനും അതു തന്നെയായിരുന്നു. എന്നാൽ സിനിമയിലെ ആശാ ശരത്തിന്റെ കഥാപാത്രവും അവിഹിതവുമായി ബന്ധപ്പെട്ടതോടെ പുതുമകളൊന്നുമില്ലാതെ സിനിമ പഴയ സിബിഐ സീരീസുകളുടെ തുടർച്ചയായി. എസ് എൻ സ്വാമിയുടെ ആദ്യ ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് എത്രത്തോളം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചോ അത്രത്തോളം തന്നെ തുടർന്നു വന്ന സീരീസുകളിലെ അവിഹിതവും ആവർത്തന വിരസത സൃഷ്ടിക്കുകയായിരുന്നു.


സിനിമയുടെ തിരക്കഥാകൃത്തുക്കൾ മനസിലാക്കേണ്ടുന്ന ഒരു കാര്യം അവിഹിതം ഇന്ന് സമൂഹത്തിൽ സർവ്വ സാധാരണമാണ്. ക്രൈം ത്രില്ലറുകൾക്ക് കൊഴുപ്പേകാൻ അവിഹിതങ്ങളുടെ ചുക്കാൻ പിടിക്കണോ ?വിവാഹേതര ബന്ധങ്ങൾ പ്രമേയമാക്കി സിനിമയെടുക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ആശയങ്ങളെ പറത്തി വിടുക. മനസിലെ ആശയ ദാരിദ്ര്യം പ്രേക്ഷകരെ അറിയിക്കാതിരിക്കുക. സമൂഹത്തിന്റെ പഴഞ്ചൻ ചട്ടക്കൂടിൽ നിന്ന് പുറത്തു കടന്ന് സ്ത്രീയെയും പുരുഷനെയും സമൂഹത്തെയും അടുത്തറിയാൻ ശ്രമിക്കുക. മാറുന്ന കാലത്തിനനുസരിച്ച് സമൂഹത്തെ വിലയിരുത്തുക. ഒരു പരിധി വരെ ഇതൊക്കെ മതിയാകും സിനിമാ മേഖലയിൽ ഒരു പുതുയുഗ പിറവിക്ക് കാരണമാകാൻ.