” സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം” ; ‘ഓസ്ലറി’ലെ മമ്മൂട്ടിയെ കുറിച്ച് ജയറാം
ഒരിടവേളയ്ക്ക് ശേഷമുള്ള ജയറാമിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എബ്രഹാം ഓസ്ലര് എന്നാണ് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ജയറാം മലയാളത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ ഈ സമയം തമിഴിലും തെലുങ്കിലും ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പൊന്നിയിന്‍ സെല്വന് അടക്കമുള്ള സിനിമകളിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. കുറ്റവാളികൾക്ക് പിന്നാലെ പായുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനായി, ഏറെ വൈകാരികത നിറഞ്ഞ വേഷവുമായാണ് എബ്രഹാം ഓസ്ലർ എത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് മുന്‍ അപ്ഡേറ്റുകളില് നിന്ന് ലഭിച്ചിരുന്നത്. മിഥുൻ മാനുവൽ തോമസാണ് സംവിധാനം.
ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഇക്കാര്യത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ വൈറൽ ആകുകയാണ്. മമ്മൂട്ടി ചിത്രത്തിൽ ഉണ്ടെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ളതാണ് ജയറാമിന്റെ വാക്കുകൾ. “ഇനിയിപ്പോൾ അദ്ദേഹം ഓസ്ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്. ആൾക്കാർ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവർക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോൾ അവർക്കൊരു ആകാംഷ ഉണ്ടാകും. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മൾ കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാൻ പറയാം. തിയറ്ററിൽ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല”, എന്നാണ് ജയറാം പറഞ്ഞത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയറാമിന്റെ പ്രതികരണം.
2024ലെ ആദ്യ മേജര്‍ റിലീസ് ആണ് ഓസ്ലര്. അതുകൊണ്ട് തന്നെ പ്രതീക്ഷയും ഏറെയാണ്. ജയറാമിനൊപ്പം അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അബ്രഹാം ഒസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.