വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ
1 min read

വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്.

പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റര്‍ പങ്കുവച്ചത്. നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മണലാര്യത്തില്‍ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിന്‍റെ ദൈന്യതയുടെ ആവിഷ്കാരമാണ് ബ്ലെസിലും പൃഥ്വിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് വിതരണത്തിനെത്തിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല പാൻ ഇന്ത്യൻ റിലീസ് ആകും ഇവർ പദ്ധതിയിടുന്നതും. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.