”സുരേഷ് ഗോപിയെ വരെ ആ റോളിലേക്ക് ആലോചിച്ചിരുന്നു, മമ്മൂക്ക യാദൃശ്ചികമായി വന്നതാണ്”; ഓസ്ലറിനെക്കുറിച്ച് ജയറാം
ജയറാം നായകനായ എബ്രഹാം ഓസ്ലർ എന്ന ചിത്രം വൻ സാമ്പത്തിക നേട്ടം കൈവരിച്ച് കൊണ്ട് മുന്നേറുകയാണ്. ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം പത്ത് കോടിയിലേക്ക് കുതിക്കും. ഇതിൽ അതിഥി വേഷത്തിൽ നടൻ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോൾ ആരാധകർ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്.
എന്നാൽ അലക്സാണ്ടർ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് ജയറാം സംസാരിച്ചത്. അലക്സാണ്ടർ എന്ന കഥാപാത്രത്തിനായി സത്യരാജ്, ശരത്കുമാർ, പ്രകാശ് രാജ് എന്നിങ്ങനെ പല പേരുകളും വന്നു. സത്യരാജിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
വേറൊരു ഘട്ടത്തിൽ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നു. ആ സമയത്താണ് മിഥുൻ വളരെ യാഥൃശ്ചികമായി മമ്മൂക്കയെ കാണാൻ പോകുന്നത്. ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് ചോദിച്ചു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് താൽപര്യമായി. ‘അലക്സാണ്ടർ എന്ന കഥാപാത്രം ഞാൻ ചെയ്യട്ടെ’ എന്ന് മമ്മൂക്ക ചോദിച്ചു. അയ്യോ, അത് വേണ്ട, നിങ്ങൾ ചെയ്താൽ വലിയ ഭാരമാവുമെന്ന് മിഥുൻ പറഞ്ഞു. ചോദിച്ചുവെന്നേയുള്ളൂ, വേണമെങ്കിൽ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു.
ഇത് അറിഞ്ഞപ്പോൾ അദ്ദേഹം വരണമെന്ന് തനിക്ക് തോന്നി. ഇങ്ങനെ ഒരു വേഷം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത് ചിലപ്പോൾ തനിക്ക് വേണ്ടിയാവാം, ഒന്നുകൂടി ചോദിക്കാൻ താൻ മിഥുനോട് പറഞ്ഞു. അങ്ങനെ മിഥുൻ വീണ്ടും പോയി ചോദിച്ചു. ചെയ്യാമെന്ന് മമ്മൂക്ക പറയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്.