“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു
ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. ഒ. ടി. ടി റിലീസിന് പിന്നാലെ രാജ്യതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ് ജനഗണമന. ചിത്രം കൈകാര്യം ചെയ്ത രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ തന്നെ ചര്‍ച്ചയായിരുന്നു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ ചിത്രം ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ നടന്ന പല സംഭവങ്ങളെയും ഓർമിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അതുതന്നെയാണ് ചിത്രം അത്രയും അധികം ചർച്ച ചെയ്യപ്പെടാൻ കാരണവും. നെറ്റ്ഫ്ളിക്സിലാണ് ജനഗണമന ഇപ്പോൾ റിലീസ് ചെയ്തത്.
മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ജൂണ്‍ ഒന്നിന് അര്‍ധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്ളിക്സ് ചിത്രം എത്തിയത്. ഒ ടി ടിയിൽ റിലീസായതോടെ അധികം ആളുകളിലേക്ക് ആണ് സിനിമ എത്തുന്നത്. അതിനാൽ തീയേറ്ററിൽ കണ്ടവരുടെ അഭിപ്രായങ്ങൾക്കു പുറമേ ഒ ടി ടിയിൽ കണ്ടവരും മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരികയാണ്.രാജ്യതലത്തില്‍ തന്നെ ജനഗണമനയ്ക്ക് പ്രശംസ ലഭിക്കുകയാണ് എന്നതാണ് വളരെ വലിയ കാര്യം. തമിഴ്, തെലുങ്ക് ഐഡികളില്‍ നിന്നുപോലും ചിത്രത്തെ പ്രശംസിച്ചു ആളുകൾ എത്തുന്നുണ്ട്. ജന ഗണ മന മസ്റ്റ് വാച്ച് മാസ്റ്റര്‍ പീസാണെന്നും ഇന്ത്യന്‍ വ്യവസ്ഥയിലേക്കുള്ള പ്രഹരമാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.
ആദ്യപകുതിയിൽ സുരാജ് വെഞ്ഞാറമൂടാണ് ഗംഭീരമാക്കിയതെങ്കിൽ രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ ടെറിഫിക് പെര്‍ഫോമന്‍സാണ് കാണാൻ സാധിച്ചതെന്ന് ഒരു പ്രേക്ഷകൻ ട്വിറ്ററില്‍ കുറിച്ചു. കാസ്റ്റിങ്ങും ബി.ജി.എമ്മും ഡയലോഗുകളുമെല്ലാം അത്രയുമധികം ഷാര്പ്പായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോൾ
ചിത്രത്തിലെ കോടതി രംഗങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഏറ്റവുമധികം പ്രചരിക്കുന്നത്. സമൂഹത്തിൽ ഇന്ന് നടക്കുന്ന വലിയ പ്രശ്നങ്ങളെ പറ്റി പൃഥ്വിരാജ് സംസാരിക്കുമ്പോൾ പ്രേക്ഷകരെ അത് ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും, മടിക്കുന്ന കാര്യങ്ങളും, പേടിക്കുന്ന കാര്യങ്ങളും ഉൾപ്പെടെ പൃഥ്വിരാജ് പറയുന്നുണ്ട്. അതുതന്നെയാണ് ഈ രംഗങ്ങൾ അവർക്ക് അത്രയുമധികം ഇഷ്ടപ്പെടാൻ കാരണവും. ജനഗണമന ടാക്സ് ഫ്രീ ആക്കണമെന്നാണ് ചിലരുടെ ആവശ്യം. എന്നാൽ ടാക്സ് ഫ്രീ ആക്കുന്നത് പോട്ടെ, നോര്‍ത്ത് ഇന്ത്യയില്‍ ഈ സിനിമ നിരോധിക്കുമോയെന്നാണ് പേടിയെന്നും ചില ആരാധകർ പറയുന്നുണ്ട്.
ഇതുപോലെ സമകാലിക പ്രശ്നങ്ങളില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്ന സിനിമകള്‍ വരട്ടെയെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും ആവശ്യം. ചിത്രത്തിന് തുടർച്ചയായ രണ്ടാം ഭാഗം ഉണ്ടെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിനായി ഉള്ള ഏട് തുറന്നു വെച്ചാണ് സംവിധായകൻ ജന ഗണ മന അവസാനിപ്പിച്ചത്. ട്രെയിലറിൽ കാണിച്ച രംഗങ്ങൾ ഉൾപ്പെടെ രണ്ടാംഭാഗത്തിലേതാണ്. ഒന്നാംഭാഗം ഇത്രയുമധികം തീവ്രം ആയതിനാൽ ഏറെ പ്രതീക്ഷയോടെ ചോദ്യങ്ങൾ ഇനിയും ഉയരുമെന്ന വിശ്വാസത്തോടെ രണ്ടാംഭാഗത്തിന് ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.