ഏറ്റവും കയ്യടി നേടിയത് വിക്രം! ; സിബിഐ 5ൽ ജഗതിയെ കണ്ടതും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സിനിമാ പ്രേമികൾ; നൽകിയത് കഥയിലെ നിർണ്ണായക കഥാപാത്രം
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ ഇന്നലെ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം സിനിമ അത്രകണ്ട് ബോധിക്കാത്തവർ പോലും ചിത്രത്തിന് ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്ങ് , ബിജിഎം, ക്ലൈമാക്സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച അവതരണം, ട്രെയ്ലറില് പറഞ്ഞപോലെ ഗംഭീരമായ ആ 20 മിനിറ്റ്, ഇങ്ങനെ വ്യത്യസ്ത പ്രതികരണമാണ് ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകർ നടത്തുന്നത്.
വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള ജഗതി ശ്രീകുമാറിൻ്റെ തിരിച്ചു വരവിനെക്കുറിച്ചും, സ്ക്രീന്‍ പ്രസസന്സിനെക്കുറിച്ചും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലിയൊരു ഗ്യാപിന് ശേഷം ജഗതിശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് സിബിഐ 5 ദി ബ്രെയ്നിലൂടെ സേതുരാമയ്യര്‍ക്കൊപ്പം വിക്രമെന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ പഴയകാലത്തെ ഊർജം ഒട്ടും ചോർന്നു പോകാത്ത തരത്തിലാണ് വിക്രം എന്ന കഥാപാത്രത്തെ ജഗതി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട്. ചിത്രത്തിൻ്റെ നാല് ഭാഗങ്ങളിലും സേതുരാമ അയ്യരുടെ സന്തതസഹചാരികളില്‍ ഒരാളായ വിക്രം എന്ന കഥാപാത്രമായെത്തിയത് ജഗതിശ്രീകുമാറായിരുന്നു. ജഗതി എന്ന നടൻ്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് CBI സീരീസുകളിലെ വിക്രം എന്ന കഥാപാത്രം. സിബിഐ അഞ്ചാം ഭാഗം വരാൻ പോകുന്നു എന്ന പ്രഖ്യാപനം വന്നത് മുതല്‍ ആരാധകര്‍ ചോദിച്ച ഒരു കാര്യമായിരുന്നു ജഗതിയും ചിത്രത്തില്‍ ഉണ്ടാകുമോയെന്നത്.
വാഹനാപകടത്തെത്തുടർന്ന് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന ജഗതിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനൊപ്പം സിബിഐ 5 – ൽ മികച്ച പ്രകടനം കാഴ്ചവെച്ച നടന് പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ ഇറക്കികൊണ്ടുള്ള കളിയാണ്. അതേ … വിക്രം എന്ന മനസിൽ നിന്നും മായാത്ത കഥാപാത്രത്തിലൂടെ … വിക്രമായി ജഗതി ശ്രീകുമാർ പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ നായകൻ മമ്മൂട്ടിയ്ക്ക് തതുല്ല്യമായ കൈയടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരേ ഒന്നാകെ ഇളക്കി മറിച്ച് ജഗതി എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനേക്കാളും, സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്.
ഒരേയൊരു രംഗത്തിൽ മാത്രമാണ് ജഗതിയുടെ പ്രകടനം ഉള്ളതെങ്കിലും, വളരെ നിർണായക രംഗമാണത്. ഹാസ്യ തമ്പുരാൻ സേതുരാമയ്യരേ കേസിൽ സഹായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്ന രംഗമുണ്ട് ചിത്രത്തിൽ സേതുരാമയ്യർക്ക്. ഉള്ളിൽ പതിയും വിധം ആ രംഗങ്ങളെ മമ്മൂട്ടി എന്ന നടനും മികച്ചതാക്കി മാറ്റിയിട്ടുണ്ട്. പല കഥാ സന്ദർഭങ്ങളിലും ഇതൊരു യാഥാർഥ്യത്തെ സൂചിപ്പിക്കും വിധം കഥ മുന്നോട്ട് പോകുമ്പോൾ അത് തന്നെയാണ് സിബിഐ സീരിസിലെ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് തോന്നിപ്പോകും.