‘ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്’: നടി മേനകയുടെ പ്രസംഗം വൈറൽ

കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും വനിതാ ദിനം ആഘോഷമാക്കിയത്. പല മേഖലയിലുമുള്ള വനിതകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വനിതാ ദിനം ആഘോഷമാക്കി മാറ്റിയിരുന്നു. അത്തരത്തിൽ മലയാളത്തിലെ താര സംഘടനയായ അമ്മ വനിതകൾക്ക് വേണ്ടി ‘ആർജ്ജവം’ എന്ന പരിപാടി സംഘടിപ്പിച്ചു. നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ഏറെ ആഘോഷപരമായി തന്നെ ഇത്തവണത്തെ വനിതാ ദിനം സിനിമാമേഖലയിലെ താരങ്ങളും ആഘോഷിച്ചു.

വനിതാ ദിന പരിപാടിയിൽ നടി മേനക ഇടവേളബാബുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു മേനക. തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം. താരം മലയാളികളുടെ പ്രിയപ്പെട്ട നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ കുറിച്ച് വളരെ രസകരമായി പറയുന്നതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വനിതാ ദിന പരിപാടി ആഘോഷമാക്കാൻ സഹായിച്ച ഈ സംഘടനയിലെ എല്ലാ പുരുഷന്മാർക്കും നന്ദി പറഞ്ഞു കൊണ്ടാണ് മേനക തുടങ്ങിയത്. എല്ലാ പുരുഷന്മാരും സ്വർണ്ണങ്ങളാണെന്നും എല്ലാ സ്ത്രീകളും നവരത്നങ്ങളാണെന്നും മേനക പറഞ്ഞു. നവ രത്നങ്ങൾ പതിച്ച സ്വർണം ഇടുമ്പോഴാണ് നല്ല ഭംഗി ഉണ്ടാവുക. അതുകൊണ്ട് തന്നെ സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവർമാരായി ഏതെങ്കിലും ഒരു പുരുഷൻ വേണമെന്നും അല്ലെങ്കിൽ ശരിയാവില്ലെന്നും മേനക രസകരമായി പറയുന്നു.

അതുപോലെ തന്നെ നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് നടൻ ഇടവേള ബാബു വിവാഹം പോലും കഴിക്കാതിരിക്കുന്നതെന്നും താരം പറഞ്ഞു. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നത് എന്ന് ചോദിക്കാൻ ഒരു ആളുണ്ടാവുമായിരുന്നു എന്നാണ് മേനക തമാശരൂപേണ പറഞ്ഞത്. മേനകയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലർമാരിൽ ഒരാളാണ് ഇടവേളബാബു.

തൊട്ടുപിന്നാലെ ഇതിനെക്കുറിച്ച് ഇടവേള ബാബുവും പ്രതികരണവുമായി എത്തി. മേനകയുടെ വാക്കുകൾ താനൊരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് വാക്കുകളിലൂടെ വ്യക്തമാക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. മേനക ചേച്ചിയുടെ വാക്കുകൾ വളരെയധികം സന്തോഷം നൽകിയെന്നും അവരുടെ ഒക്കെ മനസ്സിൽ തനിക്ക് ഇടം ഉണ്ടല്ലോ എന്നുമാണ് ഇടവേള ബാബു പറയുന്നത്.

Related Posts