“ചരിത്ര സിനിമയെടുത്ത് ദേഹം പൊള്ളിയ ആളാണ് ഞാൻ , ഇനിയത് ഞാൻ ചെയ്യില്ല “: പ്രിയദര്ശന്
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകനാണ് പ്രിയദർശൻ. തന്റെ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രിയദർശൻ ഏറ്റവും ഒടുവിൽ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ഇനി താൻ ചരിത്ര സിനിമകൾ ചെയ്യാൻ ഇല്ല എന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ. ചരിത്രം എടുത്ത് കൈ പൊള്ളിയ ഒരു സംവിധായകൻ ആണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രിയദർശൻ.
ചരിത്രം എടുത്ത് കൈ പൊള്ളിയ ഒരു സംവിധായകനാണ് ഞാൻ. ദേഹം മുഴുവനും ഒരൊറ്റ ചിത്രം കൊണ്ട് പൊള്ളി എന്നാണ് പറഞ്ഞത് . ചരിത്രം എപ്പോഴും ചരിത്രമായി എടുത്താൽ മാത്രമേ അത് ഡോക്യൂമെന്ററി ആവുകയുള്ളു. വിജയിക്കുന്നവരാണ് എന്നും ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ എന്ന വ്യക്തി മോശക്കാരനാണ്. അറബി ചരിത്രത്തിൽ മരക്കാർ നല്ലവനാണ്. ഇതിൽ ഏതാണ് നമ്മൾ വിശ്വസിക്കേണ്ടത് . ചരിത്രത്തെ വളച്ചൊടിച്ച ഒരു പാട് സിനിമകളുണ്ട് . ചരിത്ര സിനിമകൾ ഞാൻ ഇനി ചെയ്യില്ല എന്നാണ് പ്രിയദർശൻ തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട് കട്ട് പറയാൻ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ : അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റെതായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം. മോഹൻലാൽ നായകനായി എത്തിയ ചിത്രം ചരിത്രത്തിൽ രേഖപ്പെടുത്തിയ കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മനോഹരമായ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിച്ചിരുന്നു. യുവ നടനായ ഷെയ്ൻ നിഗത്തിനെ നായകനാക്കി എത്തുന്ന ‘കൊറോണ പേപ്പേഴ്സ്’ ആണ് പ്രിയദർശന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രിയദർശൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.