”’വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ സ്റ്റേറ്റ്‌മെന്റിലെ തമാശ ആസ്വദിക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’; മമ്മൂട്ടിയെ വിമര്‍ശിച്ച് പ്രേക്ഷകന്‍
1 min read

”’വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ സ്റ്റേറ്റ്‌മെന്റിലെ തമാശ ആസ്വദിക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’; മമ്മൂട്ടിയെ വിമര്‍ശിച്ച് പ്രേക്ഷകന്‍

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം നടന്ന പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവുന്നത്. ക്രിസ്റ്റഫര്‍ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരുപ്പെട്ടിയാണ്. എന്നെ ചക്കര എന്ന് വിളിക്കണ്ട, പഞ്ചസാര എന്ന് വിളിച്ചാല്‍ മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തു. എന്നാലിപ്പോള്‍ ഇക്കാര്യങ്ങള്‍ വിവാദത്തിലേക്കും പരാമര്‍ശങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ശര്‍ക്കര, പഞ്ചസാര ഇതില്‍ സാധാരണക്കാര്‍ കാണുന്നത് മധുരം ആണ്. പക്ഷെ അതില്‍ പോലും നിറം നോക്കുന്ന താരങ്ങള്‍ ആണല്ലോ മലയാള സിനിമയില്‍. പൊളിറ്റികല്‍ കറക്റ്റ്‌നസ് ഇങ്ങനെ എപ്പഴും വിതറല്ലേ മമ്മൂട്ടി എന്നെല്ലാമാണ് സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവുന്നത്. ഒരു പ്രേക്ഷകന്‍ ആ വിഷയത്തില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

നിരുപദ്രവകരമായ / നിര്‍ദോഷകമായ ഒരു തമാശ മമ്മൂക്ക പറഞ്ഞതില്‍ പൊളിറ്റിക്കല്‍ കറക്റ്റനെസ്സ് നോക്കുന്നതെന്തിനാ എന്ന് ചില നിഷ്‌കളങ്കര്‍ ചോദിക്കുന്നത് കണ്ടു. എന്നെ എന്ത് വിളിക്കണം, വിളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. അവിടെ ചക്കര എന്ന് ഐഷു വിളിച്ചാല്‍ അങ്ങനെ വിളിക്കേണ്ട; അതിനര്‍ത്ഥം കരിപ്പെട്ടിയാണ് എന്ന് പറഞ്ഞാല്‍ അതിനെ കറുപ്പും വെളുപ്പും വേര്‍തിരിവ് ആണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നവരാണ് സമൂഹത്തിലെ യഥാര്‍ത്ഥ കറുപ്പുകള്‍ എന്ന് മറ്റു ചില നിഷ്‌കളങ്കരും ചോദിക്കുന്നത് കണ്ടു. പക്ഷേ, അവരൊന്നും മമ്മൂക്ക പറഞ്ഞത് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നതിനുള്ള യഥാര്‍ത്ഥ കാരണം പറയാതെ, യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വഴി തിരിച്ചുവിടാന്‍ മാത്രമാണ് ശ്രമിക്കുന്നത്. മമ്മൂക്ക ഐഷുവിനോട് പറഞ്ഞ ‘ആ നിരുപദ്രവകരമായ തമാശ’ എന്താണെന്നാണ് ആദ്യം നോക്കേണ്ടത്.

ഐശ്വര്യ ലക്ഷ്മി : ‘മമ്മൂക്ക ചക്കരയാണ്.’
മമ്മൂക്ക : ‘വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരിപ്പെട്ടിയാണ്..’
‘എന്നെ ചക്കര എന്ന് വിളിക്കേണ്ട, പഞ്ചാര എന്ന് വിളിച്ചാല്‍ മതി’ എന്ന് മമ്മൂക്ക പറഞ്ഞാല്‍ അതിലെ നിരുപദ്രവകതയും തമാശയും നമുക്ക് മനസ്സിലാക്കാം. പക്ഷേ, ‘വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ എന്ന സ്റ്റേറ്റ്‌മെന്റിലെ നിരുപദ്രവകരമായ തമാശ ആസ്വദിക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ആ തമാശ വന്നത്, അത്രയ്ക്ക് അപ്‌ഡേറ്റ്ഡ് ആണെന്ന് വിശ്വസിക്കപ്പെടുന്ന, വളരെ ആദരണീയനായ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടി എന്ന അഭിനേതാവില്‍ നിന്നും കൂടിയാവുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല, വളരെ വിഷമകരവും കൂടിയാകുന്നു. മമ്മൂട്ടി വെളുത്തിട്ടാണെന്നത് ശരി തന്നെ.

എന്നാല്‍, ഒരുപക്ഷേ, മമ്മൂട്ടി കറുത്തിട്ടായിരുന്നെങ്കില്‍ ഈ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നില്ലേ? കറുത്ത സത്യന്‍ മാസ്റ്ററെയും ജയനെയും സൂപ്പര്‍സ്റ്റാറുകളായി കൊണ്ടാടിയ മലയാള നാടിന് അതൊരു വിഷമകരമായ സന്ധിയേ ആവില്ല എന്നത് ഉറപ്പാണ്. കാരണം, മമ്മൂട്ടി എന്ന അഭിനേതാവ് അംഗീകരിക്കപ്പെടാന്‍ തുടങ്ങിയതും ആദരിക്കപ്പെടാന്‍ തുടങ്ങിയതും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ അഭിനയപാടവം ഒന്നുകൊണ്ട് മാത്രമായിരുന്നു. മമ്മൂട്ടിയുടെ സൗന്ദര്യം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിട്ട് അല്പകാലം മാത്രമേ ആയുള്ളൂ. അഭിനയിക്കാന്‍ അറിയാത്ത വെളുത്ത മമ്മൂട്ടിക്ക് മലയാള സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നില്ല എന്നത് ഒരു സത്യമാണ്. മമ്മൂട്ടിയെന്ന ഒരു നടനില്‍ നിന്നും അത്തരമൊരു തമാശ വന്നത് ഒട്ടും ശുഭകരമല്ല എന്ന് തന്നെ പറയുന്നു. പക്ഷേ, അത് തമാശയല്ല എന്നത് അദ്ദേഹം തിരിച്ചറിയുമെന്നും അത് തിരുത്തുമെന്നും തന്നെ കരുതുന്നു. തെറ്റ് പറ്റാത്തവര്‍ മനുഷ്യരല്ല. തെറ്റുപറ്റി എന്ന് മനസ്സിലാക്കി അത് തിരുത്തുന്നവര്‍ ശരിയുടെ പക്ഷത്തുമാണ്. കറുപ്പും വെളുപ്പും നിറങ്ങള്‍ മാത്രമാണ്. അതൊന്നും മനുഷ്യരിലെ വലുപ്പച്ചെറുപ്പം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളേയല്ല. നല്ല മനുഷ്യനാവുക എന്നതാണ് വലിയ കാര്യം..!