
“സിനിമയിലെ പ്രതിസന്ധികൾ എനിയ്ക്ക് മനസിലാകും. ഈ ഘട്ടങ്ങളിലൂടെയൊക്കെ ഞാനും കടന്ന് പോയിട്ടുണ്ട്” : മോഹൻലാൽ
മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ സിനിമയാണ് ബറോസ്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ അകപ്പെട്ട് ഷൂട്ടിങ്ങും,മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കോവിഡ് മാറിയതോടെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തൻ്റെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ ബറോസിനെ മികച്ചതാക്കുവാനുള്ള ആഹോരാത്ര പ്രയത്നത്തിലാണ് താരം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു താര നിരയും മോഹൻലാലിനൊപ്പമുണ്ട്. സംവിധായകൻ്റെ കുപ്പായം അണിയുന്നതിനൊപ്പം സിനിമയിലെ ബറോസ് എന്ന മുഖ്യകഥാപാത്രത്തെയും അവതരിപ്പിക്കുന്നത് മോഹൻലാലാണ്. അഭിനയവും, സംവിധാനവും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് താരം. നാല് പതിറ്റാണ്ട് സിനിമ മേഖലയിൽ പൂർത്തിയാക്കുന്ന നടൻ സംവിധായക ൻ്റെ റോളിലേയ്ക്ക് എത്തുമ്പോൾ എങ്ങനെയാണ് താങ്കൾ ഇതിനെ നോക്കികാണുന്നുത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബറോസ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.
മോഹൻലാലിൻ്റെ വാക്കുകൾ ഇങ്ങനെ
“നടൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും താൻ കണ്ടുകൊണ്ടിരിക്കുന്ന കലയാണ് സംവിധാനം. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും, സമഗ്രതയും,മാനസിക സംഘർഷങ്ങളുമെല്ലാം. വ്യത്യസ്തരായ എത്രയോ സംവിധായകരുടെ കീഴിൽ എനിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ വ്യത്യസ്ത രീതികളും, വ്യത്യസ്തത കാഴ്ചപ്പാടുകളുമാണ് ഉള്ളത്. ഇവർക്ക് കീഴിൽ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോഴും ഒരു നടനെന്ന നിലയ്ക്ക് കഥാപാത്രത്തെ മികച്ചതാക്കുന്നതിന് വേണ്ടി ഞാൻ എൻ്റെ അഭിപ്രായങ്ങൾ ഞാൻ പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് എന്നെങ്കിലും ഒരിക്കൽ ഒരു സിനിമ സംവിധാനം ചെയ്തു കളയാമെന്ന ധാരണയോട് കൂടെ ആയിരുന്നില്ല അങ്ങനെ പറഞ്ഞത്. ഒരു കലയിൽ പൂർണമായി മുഴങ്ങുമ്പോൾ സ്വയം തോന്നുന്നതാണ് അത്തരം കാര്യങ്ങളെല്ലാം. കേവലം സംവിധാനവും, അഭിനയവും മാത്രമല്ല സംഘാടനവും എൻ്റെ തലയ്ക്ക് ചുറ്റിലായിട്ടുണ്ട്. വിവിധ ഭാഷ സംസാരിക്കുന്നവരും,വേറേ ദേശത്ത് നിന്നുള്ളവരുമായ മനുഷ്യരെ ചേർത്തു നിർത്തേണ്ടതുണ്ട്. അതൊരു വെല്ലുവിളി ആയിട്ടല്ല മനസിന് സന്തോഷം തരുന്ന അനുഭവമായിട്ടാണ് താൻ കാണുന്നത്. ഓരോരുത്തരും പല രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ്. ഭാഷ അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്. പലരും ട്രെയിൻഡ് അഭിനേതാക്കൾ പോലുമല്ല. പലരെയും കണ്ടെത്തിയത് ഏറെ പ്രയാസപ്പെട്ടാണ്. മാഗസിനുകളിൽ വന്ന കവർ ഫോട്ടോകളിൽ നിന്നുവരെ അഭിനേതാക്കളെ കണ്ടെത്തിയിട്ടുണ്ട്. ”
ഒരു സംവിധായകൻ ആയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രധാന ഗുണം ഓരോ അഭിനേതാക്കളുടെയും ഒരു ചെറിയ പ്രശ്നം പോലും നമ്മുക്ക് മനസിലാക്കാൻ സാധിക്കുമെന്നതായിരുന്നു മോഹൻലാലിൻ്റെ മറുപടി. ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി നിൽക്കുന്നവരുണ്ട്, അധികം പരിചയമില്ലാത്ത ആളുകളുമുണ്ട്. ഓരോരുത്തരുടെയും പ്രശ്നങ്ങൾ പല തരത്തിലുള്ളവയാണ്. അവയെല്ലാം എനിയ്ക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. കാരണം ഈ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയിട്ടുള്ളതാണ്. എൻ്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇവയെല്ലാം എങ്ങനെ നേരിടാമെന്ന് ഞാന് അവര്ക്ക് പറഞ്ഞുകൊടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.