‘ആ കണ്ണുകളിൽ ഡെവിളിനെ കണ്ട് ഞാൻ വിറങ്ങലിച്ചു പോയി, ആകെ ഞാൻ കണ്ടത് എന്നെയും എൻ്റെ പാപങ്ങളെയുമാണ്’; രോമാഞ്ചം കൊള്ളിക്കുന്ന അപ്ഡേറ്റുമായി മുരളി ഗോപി
1 min read

‘ആ കണ്ണുകളിൽ ഡെവിളിനെ കണ്ട് ഞാൻ വിറങ്ങലിച്ചു പോയി, ആകെ ഞാൻ കണ്ടത് എന്നെയും എൻ്റെ പാപങ്ങളെയുമാണ്’; രോമാഞ്ചം കൊള്ളിക്കുന്ന അപ്ഡേറ്റുമായി മുരളി ഗോപി

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അന്നുവരെയുണ്ടായ എല്ലാ മലയാള സിനിമകളുടേയും എല്ലാ ബോക്സ് ഓഫീസ് കളക്ഷനുകളേയും തകര്‍ത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ്സ് പങ്കുവെക്കാറുണ്ടായിരുന്നു. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

അതുകൊണ്ട് തന്നെ എമ്പുരാന്‍ സിനിമയേ കുറിച്ചുള്ള എന്തെല്ലാം അപ്ഡേറ്റ്സ് വന്നാലും ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ തിരകഥാകൃത്ത് മുരളി ഗോപി പങ്കുവെച്ചരിക്കുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവുന്നത്. ലൂസിഫറിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് എമ്പുരാനെ കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നിങ്ങള്‍ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്.

‘പിശാചിന്റെ കണ്ണിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഞാന്‍ വിറച്ചു, എന്തെന്നാല്‍, ഞാന്‍ കണ്ടത് എന്നെയും എന്റെ പാപങ്ങളേയുമായിരുന്നു. എന്നു കുറിച്ചുകൊണ്ടാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. ഖുറേഷി അബ്രാം വെച്ചിരിക്കുന്ന കണ്ണാടിയുടെ റിഫ്ലെക്ഷണില്‍ കാണുന്നത് സയീദ് മസൂദിനെ ആണ്. ഇനി എമ്പുരാനില്‍ പൃഥ്വിരാജ് ആണോ വില്ലന്‍ എന്നൊക്കെയാണ് ആരാധകരുടേയും പ്രേക്ഷകരുടേയും സംശയം. ഇവരുടെ രണ്ട് പേരുടേയും പോസ്റ്റ് കൂട്ടിവായിക്കുമ്പോള്‍ എമ്പുരാനിലെ വില്ലന്‍ സയിദ് മസൂദാകുമോ എന്നതിലേക്കാണ് എത്തിന്നതെന്നെല്ലാമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യുന്നത്.

2022 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് മുരളി ഗോപി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ത്രീപാര്‍ട്ട് ഫിലിം സീരീസാണെന്നും ലൂസിഫറിന്റെ സെക്കന്റ് ഇന്‍സ്റ്റാള്‍മെന്റാണ് എമ്പുരാനെന്നും ഇനിയൊരു തേര്‍ഡ് പാര്‍ട്ട് കൂടി ഐഡിയയില്‍ ഉണ്ടെന്നും മുരളി ഗോപി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എമ്പുരാന്‍ 2023ല്‍ പുറത്തിറങ്ങുമെന്നും മുരളി ഗോപി പറഞ്ഞിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.