“പ്രശംസയേക്കാൾ വലുത് പണം; ഞാൻ സിനിമ നിർമ്മിക്കുന്നത് പണത്തിനുവേണ്ടി”: എസ് എസ് രാജമൗലി
തെലുങ്ക് സിനിമയിൽ എന്നും വേറിട്ട ചരിത്രം രചിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009 ൽ പ്രദർശനത്തിനെത്തിയ മഗധീര, 2012ൽ പ്രദർശനത്തിന് എത്തിയ ഈച്ച, 2015 പുറത്തിറങ്ങിയ ബാഹുബലി എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. 40 കോടി മുതൽമുടക്കിൽ എത്തിയ മഗധീര എന്ന ചിത്രം തെലുങ്ക് ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ രാംചരണും കാജൽ അഗർവാളുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധീര ദി വാരിയർ എന്ന പേരിൽ ചിത്രം കേരളത്തിലും പ്രദർശനത്തിന് എത്തി.
ചരിത്രാധിഷ്ഠിതമായ ചലച്ചിത്രമായിരുന്ന മഗധീര യുടെ 90% വും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചിരുന്നത്. 2016 ബാഹുബലി എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ബാഹുബലി കൺക്ലൂഷൻ സംവിധാനം ചെയ്തു. 4കെ ഹൈ ഡെഫിനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി ദ കൺക്ലൂഷൻ. ചിത്രത്തിൻറെ ഒന്നാം ഭാഗവും മികച്ച വിജയം നേടുകയുണ്ടായി. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തി. ഏഴു ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആയിരം കോടി ക്ലബ്ബിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രം എന്നീ ബഹുമതികൾ ഒക്കെയും ബാഹുബലി നേടിയെടുത്തു.
അദ്ദേഹത്തിൻറെ പല സിനിമകളും മറ്റു ഭാഷയിലേക്ക് മൊഴിമാറ്റിയും പുനർനിർമിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. 2016ൽ ഇദ്ദേഹത്തിന് പത്മശ്രീ ലഭ്യമാവുകയും ചെയ്തു. രാജമൗലി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ആർആർആർ ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിൽ നിൽക്കുകയാണ്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയതിന് പിന്നാലെ രണ്ടു പുരസ്കാരങ്ങളാണ് എസ് എസ് രാജമൗലിയുടെ ചിത്രം കരസ്ഥമാക്കിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനും ഉള്ള അവാർഡുകൾ ആയിരുന്നു അത്. എന്നാൽ ബാഫ്റ്റയിൽ ആർആർആർ കാര്യമായ നേട്ടം കൈവരിച്ചില്ല. ഇപ്പോൾ അതിനെ സംബന്ധിച്ചും അവാർഡുകളെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് രാജമൗലി.
ഹോളിവുഡ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്.” ഞാൻ പണത്തിനു വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമർശക പ്രശംസ കിട്ടാൻ അല്ല. ആർആർആർ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിൻറെ കൂടെ അനുബന്ധമായി അവാർഡ് കിട്ടിയാൽ സന്തോഷം. അത് എൻറെ യൂണിറ്റ് അംഗങ്ങൾ ചെയ്ത കഠിനാധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്” എന്നാണ് രാജമൗലി പറഞ്ഞത്. കഴിഞ്ഞ മാർച്ചിൽ ആണ് ആർആർആർ റിലീസ് ചെയ്തത്. ജൂനിയർ എൻടിആർ, രാംചരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരുന്നത്. 1920 കൾ പശ്ചാത്തലമാക്കിയ ചിത്രം 1200 കോടി രൂപയിൽ അധികം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.