കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ;  ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ
1 min read

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ.
അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ്‌ രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.

എന്നാൽ അതൊന്നുംതന്നെ ചിത്രത്തെ ബാധിച്ചില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി ജനുവരി 19ന് ഷാറൂഖാൻ ചിത്രത്തിൻറെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി 20ന് മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും രാജ്യത്തെ വിവിധ സിനിമ തിയേറ്ററുകൾ ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചിരുന്നു. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ ഒരു ലക്ഷം ടിക്കറ്റുകൾ മുൻകൂർ ബുക്കിങ്ങിലൂടെ വിറ്റുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് റിലീസ് ദിവസം മാത്രം വിറ്റുപോയ ടിക്കറ്റുകൾ നോക്കിയാൽ 35 മുതൽ 40 കോടി കളക്ഷൻ മുൻകൂർ ബുക്കിങ്ങിലൂടെ ലഭിച്ചതാണ് വിവരം.

മൊത്തം ഇന്ത്യയിൽ വിറ്റ ടിക്കറ്റുകൾ നോക്കിയാൽ 150 മുതൽ 200 കോടിക്ക് അടുത്ത് കളക്ഷൻ ആദ്യവാരത്തിൽ നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ നേരത്തെ ആരംഭിച്ച ബുക്കിംഗ് നോക്കിയാൽ 300 കോടി എങ്കിലും പത്താൻ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാനിരിക്കെ ഒരു ആരാധകൻറെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.പത്താൻ റിലീസ് ദിവസം തന്നെ കാണാൻ പൈസ ഇല്ലെന്നും ആരെങ്കിലും ടിക്കറ്റ് എടുത്ത് തരണമെന്ന് ആരാധകൻ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ഷാരൂഖാനെ നേരിട്ട് കാണണമെന്നാണ് തൻറെ ആഗ്രഹമെന്നും ഈ യുവാവ് വീഡിയോയിൽ പറയുന്നു.

റിയാൻ എന്ന യുവാവാണ് ചിത്രം റിലീസ് ദിവസം തന്നെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒരു കുളത്തിന്റെ മുന്നിൽ നിന്നാണ് ഇയാൾ വീഡിയോ പകർത്തിയിരിക്കുന്നത്. റിലീസ് ദിവസം ടിക്കറ്റ് കിട്ടിയില്ലെങ്കിൽ താഴെ കാണുന്ന കുളത്തിൽ ചാടി മരിക്കുമെന്ന ഭീഷണിയും ഇയാൾ ഉയർത്തുന്നുണ്ട്. എന്നാൽ വീഡിയോ വന്നതിനു പിന്നാലെ യുവാവിനെതിരെ വലിയ വിമർശനം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു ചിത്രം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവരാൻ പോകുന്നതെന്നും ജീവിതത്തേക്കാൾ വലുതാണോ ചിത്രം എന്ന കമന്റുകൾ ഉയരുന്നുണ്ട്. ഇതേ സാഹചര്യത്തിൽ തന്നെ ചിത്രം കാണാൻ ടിക്കറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകുന്നവരും കുറവല്ല.