”ആടുജീവിതം നോവൽ വായിച്ച് ‍സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി
1 min read

”ആടുജീവിതം നോവൽ വായിച്ച് ‍സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി

ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയായി ഇറങ്ങിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുക്കുകയാണ്. ഇപ്പോൾ ബെന്യാമിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി രം​ഗത്തെത്തിയിരിക്കുകയാണ്. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാർത്ഥത്തിൽ നടന്ന കഥയാണ് എന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവർ എന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു.

ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്നും ബെന്യാമിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമയിൽ നിന്നും ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗം സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് കട്ട് ചെയ്തുവെന്ന് ബെന്യാമിൻ പറഞ്ഞിരുന്നു.

എന്നാൽ അങ്ങനൊരു രംഗം ചിത്രീകരിച്ചിട്ടില്ല എന്നാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്. അങ്ങനൊരു സംഭവം തന്റെ ജീവിതത്തിൽ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി നജീബും രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിൽ ബെന്യാമിനോട് സംസാരിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഹരീഷ് പേരടി ബെന്യാമിനെ വിമർശിച്ച് എത്തിയിരിക്കുന്നത്. നടൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ…

നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക… എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും.. ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളു (10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക…

ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു.. ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..

നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്… ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം.. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം… ഷുക്കൂറിനോടൊപ്പം..