”മമ്മൂക്കയുടേത് അതിമനോഹര പ്രകടനം, ജിയോ ബേബിയിൽ നിന്നൊരുപാട് പഠിക്കാനുണ്ട്”; കാതലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ
72ാം വയസിലും സിനിമയോടുള്ള അഭിനിവേശമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തത തേടിയുള്ള യാത്രകളിൽ ഏറെ കൈയ്യടികൾ നേടുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. സ്വവർഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയിൽ എത്തിയപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്.
ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോർക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെത് അതിമനോഹരമായ പ്രകടനമാണ്, ജിയോ ബേബിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഹൻസൽ മെഹ്ത പറയുന്നത്.
”കാതൽ, ദി കോർ സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്നേഹപൂർവകവുമായ ഒരു സങ്കീർത്തനമാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ വിശാലമായ ഫിലിമോഗ്രാഫിയിൽ മനോഹരമായൊരു ഏട് കൂടി ചേർത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച ഒരു കലാകാരനിൽ നിന്നുള്ള അതിമനോഹരമായ പ്രകടനം. ജ്യോതിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു, ആ സത്യസന്ധതയും സഹാനുഭൂതിയും വിസ്മയിപ്പിക്കും. ഇനിയും കൂടുതൽ തവണ അവരെ കാണാൻ കഴിയട്ടെ. മഹത്തായ സമന്വയം. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്”- എന്നാണ് ഹൻസൽ മെഹ്ത എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
അതേസമയം, സ്വവർഗാനുരാഗം പ്രമേയമാക്കിയ ചിത്രത്തിൽ സ്വവർഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.