‘ലാല്‍ സാര്‍ നടനായും സംവിധായകനായും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്’; ഗുരു സോമസുന്ദരം
‘മിന്നല്‍ മുരളി’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തില്‍ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കൈയ്യടി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ കരയിപ്പിച്ച വില്ലനാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഷിബുവിന് കൈനിറയെ ആരാധകരുണ്ട്. തമിഴ് സിനിമയിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് എത്തുന്നത്. മിന്നല്‍ മുരളി നടന്റെ ആദ്യ ചിത്രമല്ല. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മോളിവുഡില്‍ എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അഞ്ച് സുന്ദരികളിലും ചെയ്തിരുന്നത്. മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തില്‍ സജീവമാവുകയാണ് താരം.
അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ഗുരു സോമസുന്ദരവും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഇനി താരം അഭിനയിച്ച മറ്റൊരു ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലും ഗുരു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ബറോസിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെക്കുകയാണ് താരം. മോഹന്‍ലാല്‍ സാര്‍ നേരിട്ടാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്നും ഇങ്ങനെ ഒരു കഥാപാത്രമുണ്ട് ചെയ്യാന്‍ സാധിക്കുമോ എന്ന് അദ്ദേഹം തന്നെ ഫോണ്‍ വിളിച്ച് ചോദിക്കുകയായിരുന്നുവെന്നും ഗുരു സോമസുന്ദരം പറയുന്നു.
ലാല്‍ സാര്‍ നടനായും സംവിധായകനായും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. രണ്ടും അദ്ദേഹം വളരെ മികച്ചതാക്കി ചെയ്യുന്നു. എത്രത്തോളും ഇഷ്ടപ്പെട്ടാണ് സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്. അത് കാണാന്‍ സാധിക്കുമ്പോള്‍ വളരെ സന്തോഷമാണ്. മോഹന്‍ലാല്‍ സാറിനെ ഒരു സംവിധായകന് എന്ന നിലയില്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എല്ലാ കാര്യങ്ങളും അത്ര സൂക്ഷമതയോടെയാണ് അദ്ദേഹം ചെയ്യുന്നത്. അതൊന്നും വിലയിരുത്താന്‍ താന്‍ ആരുമല്ല. മോഹന്‍ലാല്‍ ഡയറക്ട് ചെയ്യുമ്പോള്‍ നടനെന്ന മുഖം കാണിച്ചിട്ടില്ലെന്നും ഗുരു സോമസുന്ദരം വ്യക്തമാക്കുന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.