തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍
1 min read

തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍

തിയേറ്ററുകളില്‍ ഇനി അങ്ങോട്ട് ആഘോഷമായിരിക്കും. കാരണം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആദ്യമെത്തുന്നത് മോണ്‍സ്റ്ററാണ്. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

അതിന്‌ശേഷം ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയിരുന്ന ചിത്രത്തിന്റെ വിദേശ ഷെഡ്യൂളുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്റെ രചനയും ജീത്തുവിന്റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

എംടി- പ്രിയദര്‍ശന്‍- മോഹന്‍ലാല്‍.. കൌതുകമുണര്‍ത്തുന്ന ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഓളവും തീരവും. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമാണ് ഈ ലഘു ചിത്രം. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക.

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രം 2023 പകുതിയോടെ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’.