”മമ്മൂട്ടി എന്ന നടന്‍ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും” ; കുറിപ്പ് വൈറല്‍
1 min read

”മമ്മൂട്ടി എന്ന നടന്‍ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും” ; കുറിപ്പ് വൈറല്‍

ഭിനയം പോലെ ഒരു നടന്റെ ജീവിതത്തിന്റെ ഭാഗമാണ് അഭിമുഖങ്ങളും. മലയാളി കാത്തിരുന്നു വായിച്ചതും കണ്ടതുമായ എത്രയെത്ര മമ്മൂട്ടി അഭിമുഖങ്ങള്‍. ഒരു വക്കീലിനെ പോലെ മമ്മൂട്ടി വാധിക്കുന്നതും, സാഹിത്യത്തെ സ്‌നേഹിക്കുന്ന ഒരു നടന്റെ ഭാഷാശുദ്ധിയോടെ സംസാരിക്കുന്നതും ഒരു വല്ല്യേട്ടന്റെ കരുതലോടെ ചുറ്റുമ്മുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുമെല്ലാം മമ്മൂട്ടിയുടെ അഭിമുഖങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിമുഖങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മലയാളത്തിലെ സിനിമ സംബന്ധിയായി ഇതുവരെ ഉണ്ടായിട്ടുള്ള ഇന്റര്‍വ്യൂകളില്‍, അല്ലെങ്കില്‍ ഇനിയും ഉണ്ടാകുവാന്‍ ഇടയുള്ളവയിലൊക്കെ തന്നെ എല്ലായ്‌പോഴും ഒരു ബെഞ്ച് മാര്‍ക്കായ് പരിഗണിക്കാവുന്ന ഇന്റര്‍വ്യൂകളില്‍ ഒന്ന് മമ്മൂട്ടി എന്ന നടന്റേതാണെന്ന് കുറിപ്പില്‍ പറയുന്നു. അതില്‍ തന്നെ ആദ്യത്തേത് മനോരമ ചാനലില്‍ വന്ന ഒന്നാണ്. മനോരമയുടെ നേരെചൊവ്വേ ഇന്റര്‍വ്യൂ പരമ്പരയിലെ ആദ്യകാല എപ്പിസോഡുകളില്‍ ഒന്നില്‍ ജോണി ലൂക്കോസിനൊപ്പം മമ്മൂട്ടി നടത്തുന്ന സംഭാഷണങ്ങള്‍, അയാളിലെ അഭിനയമോഹിയെ ശക്തമായി തന്നെ അടയാളപെടുത്തുന്നുണ്ട്. ഒപ്പം തന്നെ പറയാവുന്ന മറ്റൊന്ന് ബിബിസിക്ക് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ ഇന്റര്‍വ്യൂ ആണ്, അതിന്റെയും ഇതിവൃത്തം മറ്റൊന്നല്ല. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ എഴുപതുകളില്‍ ജിയോ ബേബിക്ക് ഒപ്പമുള്ള പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമ്പോള്‍ ഓര്‍മ്മവരിക വര്‍ഷങ്ങള്‍ക്ക് മുന്നേ അയാള്‍ തന്നെ പറഞ്ഞു വച്ച ആ ‘ആഗ്രഹ’ നടനെയാണ്.

ഗാഡ്ജറ്റുകളോട് പ്രിയമേറെയുള്ള, വാഹനങ്ങളില്‍ കമ്പമുള്ള, മുഖത്തു തെളിയാത്ത പ്രായം കൊണ്ട് അത്ഭുതപെടുത്തുന്ന എന്നൊക്കെയുള്ള ക്‌ളീഷേ വിശേഷണങ്ങളില്‍ മാറ്റി നിര്‍ത്താതെ, ശരിക്കും അയാളോട് ചോദിക്കേണ്ടത് ആ പാഷനെ കുറിച്ചാണ്. ആ പാഷന് വേണ്ടി അയാളെടുക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചാണ്, അവിടെയാണ് ശെരിക്കും പ്രായം ഒരളവുകോലായ് മാറേണ്ടത്. ‘ലാലേട്ടനും മമ്മൂക്കയുമൊക്കെ ഈ പ്രായത്തിലും അഭിനയിക്കാന്‍ എത്തുന്നത് കാശിനോ, പ്രശംസയ്‌ക്കോ വേണ്ടിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’ ചോദിച്ചത് പൃഥ്വിരാജാണ്. നല്ല കാലത്തിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നമ്മളിങ്ങനെ ഭാവിയെ കുറിച്ച് പ്ലാന്‍ ചെയ്യുമ്പോള്‍, അതില്‍ തന്നെ ഒരുപാടേറെ പതിരായി പോകുന്നിടത്ത്, ഒരു സാധാരണ മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലായി, പുതിയ മമ്മൂട്ടി നിലകൊള്ളുന്നുണ്ട്.

തിരശീലയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഇനി അധികമൊന്നും ബാക്കിയില്ലെന്ന് അറിഞ്ഞിട്ടും, പുതിയകാര്യങ്ങള്‍ക്ക് വേണ്ടി അന്വേഷിച്ചു ചെല്ലുന്നിടത്ത്, പരാജയ സിനിമകള്‍ ഉണ്ടാകുമ്പോള്‍ ആസ്വാദകരുടെ നിലവാരത്തെ ചോദ്യം ചെയ്യാതിരിക്കുന്നതിന് ഒപ്പം സിനിമ മാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നിടത്ത്, മമ്മൂട്ടി കമ്പനി വഴി പുതിയൊരു സിനിമാസംസ്‌കാരത്തിന് കൂടി തുടക്കം കുറിക്കപ്പെടുന്നിടത്ത്, അവിടെയൊക്കെയാണ് എഴുപത്കാരനായ മമ്മൂട്ടി കൂടുതല്‍ എക്‌സൈറ്റഡ് ആയി മാറുന്നത്. മമ്മൂട്ടിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കൂടുതല്‍ ‘തേച്ചു മിനുക്ക’പ്പെടുന്നത്. ഇനിയും മോശം എന്ന് പറയാവുന്ന മമ്മൂട്ടി സിനിമകള്‍ ഉണ്ടാകും. മറുവശത്ത് വിധേയനോ, മതിലുകളോ, ഡാനിയോ ആവര്‍ത്തിക്കുകയുമില്ല. പക്ഷേ മമ്മൂട്ടി എന്ന നടന്‍, താന്‍ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും.