“ദൈവത്തിനും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി, ചിത്രം ഒരു നാഴികക്കല്ലായിരിക്കും” ; മലൈക്കോട്ടൈ വാലിബനിൽ ഹരികൃഷ്ണന് ഗുരുക്കള്‍
മലയാള സിനിമയില്‍ നിന്ന് വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനായി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറക്കാരെക്കുറിച്ചോ ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ ഭാഗമാവുന്ന പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിരുന്നു . ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗ മാവുന്നതിനെക്കുറിച്ച് മറ്റൊരാള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിൽ ഗിന്നസ് റെക്കോര്‍ഡ് നേടിയ ഹരികൃഷ്ണന് ഗുരുക്കളാണ് താനും ഈ ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രം പങ്കു വച്ചു കൊണ്ടാണ് ഹരികൃഷ്ണന്റെ സോഷ്യൽ മീഡിയ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ ഒരു നാഴികക്കല്ല് തന്നെയായി മാറാനിരിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബനില്‍ ഇതിഹാസ താരമായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താൻ ഏറെ ആഹ്ലാദവാനാണ്. ഈ ഗംഭീര അവസരം എനിക്ക് നല്‍കിയതില്‍ ദൈവത്തിനും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്കും ഞാൻ നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു, ഹരികൃഷ്ണന് ഗുരുക്കള്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കളരിയിൽ തന്നെ ഇരട്ട ഉറുമി വീശലിലാണ് ഹരികൃഷ്ണൻ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. 37 സെക്കന്‍ഡില്‍ മാത്രം 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യന്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്ഡിലലും ഇടം പിടിച്ചിരുന്നു. അതിനു ശേഷം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഉറുമിവീശല്‍ ഇടംപിടിച്ചു. 24 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 2013മുതൽ 2015 വരെ ഹാട്രിക് സ്വര്‍ണ്ണം നേടിയെടുത്തു . 2016 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും വാള്‍പ്പയറ്റിൽ സ്വര്‍ണ്ണം നേടി. ദേശീയ തലത്തില്‍ മാത്രം എട്ട് സ്വര്‍ണ്ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഹരികൃഷ്ണന് എന്ന അതുല്യ കലാകാരന്റെ നേട്ടം. 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച് വാള് കൊണ്ട് വെട്ടിമുറിച്ചതിനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹരികൃഷ്ണന്റെ പേരില്‍ ഉണ്ട്.