ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം
മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീഥ എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.
1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. അഭിനയരംഗത്തെ പല ഉന്നത പുരസ്‌കങ്ങളും അദ്ദേഹത്തെ തേടി എത്തീട്ടുണ്ട് .ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.
സിനിമയിൽ തിലകനെന്ന മഹാനടന് പല അവസരങ്ങളും നഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ തുറന്നടിച്ച പല നിലപാടുകളും ആയിരുന്നു. പലപ്പോഴും അർഹിക്കുന്ന പല അവസരങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടു .അവസാന നാളുകളിൽ അഭിനയകലയുടെ മഹാപ്രതിഭ പലപ്പോഴും ഒറ്റപെട്ടു.മലയാള സിനിമയിലെ താരാധിപഥ്യത്തെ ചോദ്യം ചെയ്ത ഒരേ ഒരു നടൻ ആയിരുന്നു തിലകൻ .ഇതിന്റെ പേരിൽ പല വിലക്കുകൾ അദ്ദേഹത്തിന് വന്നു എങ്കിലും പെരുന്തച്ചനിലെയും കിരീടത്തിലെയും ഗോഡ്ഫാദറിലെയുമൊക്കെ, അങ്ങനെ പകരം വെക്കാനില്ലാത്ത പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാളിയുടെ പ്രിയപ്പെട്ട നടനായി ഇന്നും ജീവിക്കുന്നു. മക്കളായ ഷമ്മി തിലകനും ഷോഭി തിലകനും അച്ഛന്റെ അഭിനയ പാരമ്പര്യവുമായി ഇന്ന് സിനിമയിൽ സജീവമായുണ്ട്.