നേരത്തിനും പ്രേമത്തിനും ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് വീണ്ടും അല്‍ഫോണ്‍സ് പുത്രന്‍; ഗോള്‍ഡ് പ്രേക്ഷക പ്രതികരണം ഇങ്ങനെ
1 min read

നേരത്തിനും പ്രേമത്തിനും ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് വീണ്ടും അല്‍ഫോണ്‍സ് പുത്രന്‍; ഗോള്‍ഡ് പ്രേക്ഷക പ്രതികരണം ഇങ്ങനെ

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രം തിയേറ്ററില്‍ എത്തിയതോടെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യ ഭാഗത്തെ ലാഗിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍, ചിത്രം മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. നേരവും പ്രേമവും പോലെ തന്നെ ഉള്ള ഒരു സിനിമ തന്നെയാണ് ഗോള്‍ഡ് എന്നാണ് പൊതുവില്‍ പ്രേക്ഷകര്‍ പറയുന്നത്. ‘ഒത്തിരി പ്രതീക്ഷയോടെ തിയേറ്ററില്‍ കാണാന്‍ പോവേണ്ട എന്നാല്‍ പടം കൊള്ളാം’ എന്ന അഭിപ്രായം പറയുന്നവരും ഉണ്ട്. ഗോള്‍ഡ് ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയാണ്.

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് എഡിറ്റിങ്ങ് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെയാണ് ഗോള്‍ഡ് എന്ന ചിത്രത്തിലെ എഡിറ്റിങും. ഇത് ടിപ്പിക്കല്‍ അല്‍ഫോന്‍സ് പുത്രന്‍ പടമാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതുപോലെ, പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ഒന്നിച്ചപ്പോള്‍ ലഭിച്ചത് ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രം തന്നെയാണെന്നാണ് ആരാധകരും പറയുന്നു. പ്രകടനങ്ങള്‍ കൊണ്ട് ഓരോ താരങ്ങളും തകര്‍ത്തപ്പോള്‍ ഷോട്ട് മേക്കിങ്ങിലും എഡിറ്റിങ്ങും കൊണ്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പൊളിച്ചിട്ടുണ്ട്. അതുപോലെ, ഓരോ കഥാപാത്രങ്ങളും അവരുടെ രീതിയില്‍ പ്രകടനം കൊണ്ട് മികച്ചു നിന്നു.

1300 കളിലധികം സ്‌ക്രീനുകളിലായി ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.