‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ഗ്ലാമി ഗംഗ. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് . നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധുവിൽ നിന്നാണ് ഗംഗയ്ക്ക് മോശം അനുഭവമുണ്ടായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്നും പേടി കാരണം ആരോടും പറയാനായില്ല എന്നുമാണ് ഗംഗ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛൻറെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയോടാണ് പറയേണ്ടിയിരുന്നത് അമ്മയ്ക്കാണെങ്കിൽ എപ്പോഴും സങ്കടമായിരുന്നു അമ്മയോടും പറയാനും പേടിയായിരുന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാൻ ചിന്തിച്ചത്. – ഗംഗ പറയുന്നു.
അഞ്ച് മാസത്തിനു മുൻപാണ് ആദ്യമായി ലൈംഗിക അതിക്രമത്തേക്കുറിച്ച് തുറന്നു പറയാൻ ധൈര്യമുണ്ടായത് എന്നാണ് ഗംഗ പറയുന്നത്. ഒട്ടും സഹിക്കാതെയായപ്പോൾ കുറച്ചുനാളുകൾക്ക് മുൻപ് അമ്മയോട് തുറന്നു പറഞ്ഞു. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. തന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് താൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചെന്നും ഗംഗ പറഞ്ഞു.
ഭൂതകാലം ഏൽപ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. – ഗംഗ കൂട്ടിച്ചേർത്തു. ഇപ്പോഴും തന്നെ ഉപദ്രവിച്ച ആളെ കാണുമ്പോൾ ഭയമാണ് എന്നാണ് ഗംഗ പറയുന്നത്. അയാൾ മറ്റു കുട്ടികളെ എടുക്കുന്നതു കാണുമ്പോൾ അവരെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ടെന്നും ഗംഗ പറയുന്നു.