Latest News

“രത്തീനയുടെ ആ സിനിമ നമ്മുക്ക് ചെയ്യാം ജോര്‍ജേ.. ജോര്‍ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ..” ; പുഴുവിന്‍റെ കഥകേട്ട ശേഷം മമ്മൂട്ടി പറഞ്ഞതിങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പുഴു.  കഴിഞ്ഞ ദിവസം സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം വ്യത്യസ്തവും, പുതുമയുള്ളതുമായ ഒരു കഥയിലൂടെ സഞ്ചരിക്കുകയാണ്.  മെഗാസ്റ്റാർ താര പദവിയ്ക്കപ്പുറത്ത് നിന്നുകൊണ്ട് താൻ ഇതുവരെ ചെയ്തു പരിചരിക്കാത്ത ഒരു വേഷമാണ് പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.  ജാതീയ വേർതിരിവുകളും, ടോക്സിക് പാരന്റിങ്ങ്, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്തമായ സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് പുഴുവിലെ കഥ സൃഷ്ടിച്ചിരിക്കുന്നത്.  ചിത്രം പുറത്തിറങ്ങി മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സിനിമ ഇറക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യവും, വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവ് കൂടിയായ ജോർജ്.

ജോർജ് പങ്കുവെച്ച കുറിപ്പ്

ആലുവയിൽ വൺ സിനിമയുടെ സെറ്റില്‍ രത്തീനയും ഹര്‍ഷദും മമ്മൂക്കയെ കണ്ട് തിരിച്ച് പോയ ശേഷം ഞാന്‍ കാരവാനിലേക്ക് വിളിക്കപ്പെട്ടു.  ജോര്‍ജ്ജേ… രത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം, ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ… ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകൾ. പക്ഷേ പിന്നീട് വന്ന പാന്‍ഡമിക് അവസ്ഥ കാരണം ആ സിനിമ നടന്നില്ല.  പിന്നെയും കുറേ നാള്‍ കഴിഞ്ഞ് ഞങ്ങൾ പുഴുവിൻ്റെ സബ്ജക്റ്റിലേയ്ക്ക് എത്തി. വളരെ വലിയൊരു കാന്‍വാസിലുള്ള സിനിമ അല്ലെങ്കിലും ഉള്ളത് മനോഹരമായും പെര്‍ഫെക്ടായും പ്രൊഡക്ഷന്‍ ചെയ്തു തീര്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

സ്‌ക്രിപ്റ്റ് ഡിസ്‌കഷനായി റൈറ്റേഴ്‌സായ ഹര്‍ഷദും, ഷറഫുവും, സുഹാസും രത്തീനയോടൊപ്പം മമ്മൂക്കയുടെ വീട്ടിലെത്തി.  മുഴുവന്‍ സ്ക്രിപ്റ്റും കേട്ടു കഴിഞ്ഞപ്പൊഴേ ഇത് മമ്മൂക്ക ഇതുവരെ ചെയ്തപോലുള്ള ഒരു കഥാപാത്രമല്ല എന്നത് വലിയ ആവേശമുണ്ടാക്കിയിരുന്നു.  പ്രൊഡക്ഷന്‍ പങ്കാളികളായി സുഹൃത്തുക്കളായ ശ്യാം മോഹനും, റെനീഷും, രാജേഷ് കൃഷ്ണയും കൂടെ കൂടി. കാസ്റ്റിംഗിലായാലും ക്രൂവിലായാലും ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണം എന്ന തീരുമാനത്തിലാണ് പാര്‍വ്വതിയും, തേനി ഈശ്വറും, ജെയ്ക്‌സ് ബിജോയും, മനു ജഗത്തും, ദീപു ജോസഫും, സമീറയും, ബാദുഷയും പ്രൊജക്റ്റിലേക്ക് വരുന്നത്.  ചാര്‍ട്ട് ചെയ്തതിലും കുറഞ്ഞ ദിവസത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും എക്‌സൈറ്റ്‌മെന്റുണ്ടാക്കിയ പ്രൊജക്റ്റാണ് പുഴു.  അതിലേറ്റവും പ്രധാനം പ്രിയപ്പെട്ട മമ്മൂക്കയുടെ കഥാപാത്രം തന്നെ!  ഒടുവില്‍ ഞങ്ങളുടെ ഈ പുഴു SonyLIV ലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.  ഈ സിനിമ ഭംഗിയായി പൂർത്തിയാക്കുന്നതിൽ തുടക്കത്തിലെ കോവിഡ് കാലം മുതൽ ഇന്നുവരെ കൂടെ നിന്ന് എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്ന ഓരോരുത്തരെയും ഈ സന്ദർഭത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു.  ഈ പുഴുവിനെ നിങ്ങളേവരും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ…

എസ്. ജോർജ്ജ്

പുതുമുഖ സംവിധായക രത്തീനയുടെ സംവിധാന മികവിനും, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മമ്മൂട്ടിയുടേയും, പാര്‍വതിയുടേയും,അപ്പുണ്ണി ശശിയുടെയും മികച്ച പ്രകടനം അഭിനയ മികവിലെ വ്യത്യസ്തകൊണ്ട് ഉഗ്രനായെന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിൽ ബാലതാരമായ വാസുദേവ സജീഷും വളരെ നല്ല അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെക്കുന്നത്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിലെ നിശബ്ദ രംഗങ്ങളെ പോലും കൂടുതൽ ആസ്വാദനമുള്ളതാക്കി മാറ്റുന്നു.