“റോഷാക്ക് വേറെ ലെവൽ സിനിമ ആയിരിക്കും” : ഗീതി സംഗീത പറയുന്നു
‘നിനക്ക് പെരുമാടന് ആരാണെന്ന് അറിയാമോടാ ഷാജീവാ…. എല്ലാവരെയും വഴിതെറ്റിച്ചുവിടുന്ന ഭയങ്കരനാ…’ ചിത്രത്തിന്റെ തുടക്കത്തിലെ ഘനഘംഭീര ശബ്ദമായാണ് ഗീതി സംഗീത ആദ്യം പ്രേക്ഷകരുടെ മനം കവര്‍ന്നത്. ചുരുളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗീതി. മിന്നല്‍ മുരളിയിലെയും മാലിക്കിലേയും ഒരുത്തിയലേയുമെല്ലാം തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ഗീതിക്ക് സാധിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രം റോഷാക്കില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഗീതി. മൂവി സ്റ്റോറി എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റോഷാക്ക് എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുവെന്ന കാര്യം ആദ്യമായാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ഒരൊറ്റ സീനില്‍ മാത്രമാണ് താന്‍ ഉള്ളതെന്നും എന്നാല്‍ ആ ഒരൊറ്റ സീന്‍ മാത്രം മതി സിനിമയുടെ ലെവല്‍ മനസിലാവാനെന്നും ഗീതി പറയുന്നു.
റോഷാക്കില്‍ ഞാന്‍ ഒരു സീനില്‍ മാത്രമേ ഉള്ളൂ. ആ ഒരു സീന്‍ ചെയ്യുമ്പോള്‍ തന്നെ മനസിലായിരുന്നു ആ സിനിമ വേറെ ഒരു ലെവല്‍ ചിത്രമായിരിക്കുമെന്നുള്ളത്. എനിക്കതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അറിയണമെന്നുമില്ല. അത് സര്‍പ്രൈസായി സ്ക്രീനില്‍ കാണാന്‍ ഞാന്‍ വെയ്റ്റ് ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ എല്ലാ താരങ്ങളുടെ കൂടെ അഭിനയിക്കണമെന്നും നല്ല ആഗ്രഹമുണ്ട് എനിക്ക്. മോഹന്‍ലാലിന്റെ കൂടെയും മമ്മൂട്ടിയുടെ കൂടെയും അഭിനയിക്കണമെന്നുള്ളത് എന്റെ ജീവിതാഭിലാഷമാണെന്നും താരം വ്യക്തമാക്കുന്നു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു റോഷാക്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കറുത്ത വസ്ത്രം ധരിച്ച് ചോര കിനിയുന്ന മുഖംമൂടിയണിഞ്ഞ് ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – നിസ്സാം ബഷീര്‍ ത്രില്ലര്‍ ചിത്രമാണിത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാണം. ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.