Latest News

ആരായിരുന്നു ഡെന്നീസ് ജോസഫ്: 45 തിരക്കഥകൾ, 5 സംവിധാന ചിത്രങ്ങൾ ഇന്നത്തെ സൂപ്പർതാരങ്ങൾക്ക് വലിയ കരിയർ നൽകി… കൂടുതൽ അറിയാം

‘ഡെന്നീസ് ജോസഫ് വിടവാങ്ങി എന്ന് റിപ്പോർട്ട് ലഭിച്ചപ്പോൾ അത് പുറത്തുവിടാൻ ഒന്ന് ശങ്കിച്ചു, ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് പോരേ ന്യൂസ് കൊടുക്കൽ’എന്നായിരുന്നു മുഖ്യധാരാ ചാനലിലെ ഒരു വാർത്ത അവതാരകൻ പറഞ്ഞത്. കാരണം അത്രത്തോളം അപ്രതീക്ഷിതമായിരുന്നു മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച ആ ചലച്ചിത്രകാരന്റെ വിടവാങ്ങൽ.സ്വഭവനത്തിൽ കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിയോഗം.മ ലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൊമേഷ്യൽ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.കോട്ടയം കുഞ്ഞച്ചൻ,ന്യൂഡൽഹി, രാജാവിന്റെ മകൻ,നായർ സാബ്, സംഘം,മഹാനഗരം, ഗാന്ധർവ്വം, എഫ്ഐആർ അങ്ങനെ എത്രയെത്ര ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉയർന്നിട്ടുള്ളത്.മലയാള സിനിമയിലെ എക്കാലത്തെയും വലിയ നഷ്ടങ്ങളിൽ ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം. 1985ലാണ് ഈറൻ സന്ധ്യ എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് മലയാളസിനിമയിലേക്ക് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് പതിറ്റാണ്ടുകളായി മലയാള സിനിമയെ ഉയരങ്ങളിലേക്ക് മാത്രം നയിച്ച ഈ ചലച്ചിത്ര പ്രതിഭ 45 ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.5 ചിത്രങ്ങളും സംവിധാനം ചെയ്തു.

1957-ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഒക്ടോബർ 20നാണ് എം.എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നിസ് ജോസഫ്‌ ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്ന് ഡിഗ്രിയും കരസ്ഥമാക്കി,തുടർന്ന് ഫാർമസിയിൽ ഡിപ്ലോമയും നേടി. ഡിഗ്രി പഠന കാലത്താണ് സിനിമ മോഹം ഡെന്നിസിന്റെ നെഞ്ചിലേറുന്നത്. 1985 തന്നെ ഈറൻ സന്ധ്യ, നിറക്കൂട്ട് എന്നി രണ്ട് മമ്മൂട്ടി ചിത്രങ്ങൾക്കാണ് നിന്നെ ജോസഫ് തിരക്കഥ എഴുതിയത്.തുടർന്ന് നിരവധി ഹിറ്റുകൾ ആ തൂലികയിൽ നിന്നും മലയാള സിനിമയിൽ സംഭവിച്ചു, ഒരിക്കലും ഡെന്നീസ് ജോസഫ് മലയാള സിനിമയുടെ ഭാഗമാണ് എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല മലയാള സിനിമ അദ്ദേഹത്തിന്റെ ഭാഗമായി മാറുന്ന അത്ഭുത കാഴ്ചയാണ് പിന്നീട് കണ്ടത്. മലയാള സിനിമയുടെ ചരിത്രത്തെ തന്നെ, അതിന്റെ വാണിജ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഡെന്നീസ് ജോസഫ് തന്റെ തിരക്കഥയിലൂടെ കൊണ്ടുവന്നത്.

മമ്മൂട്ടിയും ഡെന്നീസ് ജോസഫും

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർക്ക് താരപദവി നേടിക്കൊടുക്കാൻ ഡെന്നീസ് ജോസഫിന്റെ തിരക്കഥകളാണ് സാധിച്ചതെന്ന് നിസ്സംശയം പറയാൻ സാധിക്കും.അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് മമ്മൂട്ടിക്ക് വലിയ ഉയർത്തെഴുനേൽപ്പ് കൊടുത്ത ചിത്രമാണ് ന്യൂഡൽഹി. ആ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ ബ്രെയിൻ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്ത് തന്നെയാണ്.ഈറൻ സന്ധ്യ എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് നിറക്കൂട്ട്, ശ്യാമ, ന്യായവിധി, ആയിരം കണ്ണുകൾ, തന്ത്രം,മനു അങ്കിൾ, ദിന രാത്രങ്ങൾ, നായർ സാബ്,കോട്ടയം കുഞ്ഞച്ചൻ, ഫാന്റം, വജ്രം, തുടങ്ങി മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച ഡെന്നീസ് 1988-ൽ ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകൻ.

മോഹൻലാലും ഡെന്നിസും

മോഹൻലാലിനെ മലയാള സിനിമയുടെ താരരാജാവ് ആകുന്നത് ഡെന്നീസ് ജോസഫിനെ തിരക്കഥയിൽ പിറന്ന രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ്. 1986ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആണ്. മലയാള സിനിമയ്ക്ക് പുത്തൻ താരോദയം നൽകിയ ഡെന്നീസ് പിന്നീട് രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആ വർഷം തന്നെ മോഹൻലാൽ നായകനായ ഭൂമിയിലെ രാജാക്കൻമാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി. തുടർന്ന് വഴിയോരക്കാഴ്ചകൾ,നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ഗാന്ധർവ്വം അങ്ങനെ തുടങ്ങി ഒടുവിൽ 2013ൽ അദ്ദേഹം അവസാനമായി എഴുതിയ ഗീതാഞ്ജലി എന്ന ചിത്രത്തിലും മോഹൻലാലാണ് നായകനായി എത്തിയത്.

സുരേഷ് ഗോപിയും ഡെന്നീസും

ആക്ഷൻ ചിത്രങ്ങളെക്കുറിച്ചോ സൂപ്പർതാര പദവിയെക്കുറിച്ചോ അല്ല ഡെന്നിസ് ജോസഫിനെയും സുരേഷ്ഗോപിയും കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച ‘മിന്നൽ മുരളി’ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ്. ആദ്യ ഘട്ടത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുംസൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുരേഷ് ഗോപി മലയാള സിനിമയിൽ സജീവമാകുന്നത്.രാജാവിന്റെ മകൻ, ന്യൂഡൽഹി, നായർ സാബ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് സുരേഷ് ഗോപിക്ക് പിന്നീട് നല്ല കരിയർ മലയാള സിനിമയിൽ ഉണ്ടായത്. പിന്നീട്സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ എഫ്ഐആർ എന്ന ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് ഒരുക്കുകയും ചെയ്തു. 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തത്.ഒടുവിൽ സുരേഷ് ഗോപിയുമായി അദ്ദേഹം അവസാനം ഒന്നിച്ച ചിത്രം 2010-ൽ പുറത്തിറങ്ങിയ കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു.

Leave a Reply