
മലയാളക്കരയെ ഇളക്കി മറിച്ച ‘പുലിമുരുകൻ’ രണ്ടാം ഭാഗമോ??? വസ്തുത എന്ത്
2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ മലയാള സിനിമയ്ക്ക് സ്വന്തമായി. എന്നാൽ ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ ചിത്രം സംവിധാനം ചെയ്ത് വൈശാഖാണ്. കുറച്ച് നാളുകൾക്ക് ശേഷം ആക്ഷനും കോമഡിയുമെല്ലാം ചേർന്ന കഥാപാത്രമായി മോഹൻലാലിനെ ആരാധകർക്ക് തിരിച്ച് കിട്ടിയ സിനിമയായിരുന്നു പുലിമുരുകൻ.
2016 ഒക്ടോബർ 7ന് ആയിരുന്നു പുലിമുരുകൻ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്ത് ഏഴര വർഷം പിന്നിടുമ്പോൾ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. അതിന് കാരണമാകട്ടെ ഒരു പോസ്റ്ററും. രണ്ട് പുലികൾക്ക് നടുവിൽ വേലുമേന്തി നിൽക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രത്യക്ഷപ്പട്ടതോടെ കമന്റുകളുമായി നിരവധി പേരും രംഗത്ത് എത്തി. ചിലർ രണ്ടാം ഭാഗം വേണ്ടെന്നും മറ്റുചിലർ ആകാംക്ഷകളും പ്രതീക്ഷകളും രേഖപ്പെടുത്തി.
എന്നാൽ ഇതൊരു ഫാൻ മേഡ് പോസ്റ്ററാണ് എന്നതാണ് വസ്തുത. ഒറിജിനലിനെയും വെല്ലുന്ന തരത്തിലുള്ള ഈ പോസ്റ്റർ ഡിസൈനിങ്ങിനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും പുലിമുരുകൻ രണ്ടാം ഭാഗത്തിനുള്ള സാധ്യത വളരെ കുറവാണ്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രമാണ് പുലിമുരുകൻ. കമാലിനി മുഖർജി, ജഗപതി ബാബു, നമിത, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, ലാൽ, ബാല, സന്തോഷ് കീഴാറ്റൂർ, നോബി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. പുലുമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഇന്നും ജനപ്രിയമാണ്.