അഡ്വ.പോൾ മുതൽ അഡ്വ.വിജയമോഹൻ വരെ; ‘നേരി’ന് മുമ്പ് മോഹൻലാൽ വക്കീലായി ഞെട്ടിച്ച സിനിമകൾ ഇവയാണ്!
1 min read

അഡ്വ.പോൾ മുതൽ അഡ്വ.വിജയമോഹൻ വരെ; ‘നേരി’ന് മുമ്പ് മോഹൻലാൽ വക്കീലായി ഞെട്ടിച്ച സിനിമകൾ ഇവയാണ്!

ജോർജ്ജുകുട്ടി ധ്യാനത്തിന് പോയ വർഷം. മലയാള സിനിമാലോകത്ത് 2013 എന്ന വർഷം അറിയപ്പെടുന്നത് അങ്ങനെയാണ്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങിയത് ആ വർഷം ഡിസംബറിലായിരുന്നു. ഇപ്പോഴിതാ കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിൽ തന്നെ ഇവർ ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേര്’ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം ഡിസംബർ 21നാണ് സിനിമയുടെ റിലീസ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മുമ്പും ഒട്ടേറെ സിനിമകളിൽ വക്കീൽ വേഷങ്ങളിലെത്തി മോഹൻലാൽ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയിട്ടുണ്ട്.

1981-ൽ നിത്യഹരിത നായകൻ പ്രേം നസീർ നായകനായെത്തിയ സിനിമയിലായിരുന്നു മോഹൻലാൽ ആദ്യമായി വക്കീൽ വേഷത്തിൽ എത്തിയത്. ‘തകിലുകൊട്ടാമ്പുറം’ എന്ന ആ സിനിമയിൽ അഡ്വ. പോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ എത്തിയിരുന്നത്. ബാലു കിരിയത്ത് ഒരുക്കിയ സിനിമയിൽ നസീർ അവതരിപ്പിച്ച അഡ്വ.രാജകൃഷ്ണ കുറുപ്പ് എന്ന കഥാപാത്രത്തിന്‍റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നയാളായിട്ടായിരുന്നു മോഹൻലാൽ എത്തിയിരുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള വേഷമായിരുന്നു താരം അതിൽ അവതരിപ്പിച്ചത്.

പിന്നീട് 1989-ൽ നടൻ ജഗദീഷിന്‍റെ രചനയിൽ കെ.മധു ഒരുക്കിയ ‘അധിപൻ’ എന്ന സിനിമയിൽ അഡ്വ.ശ്യാം പ്രകാശ് എന്ന ക്രിമിനൽ ലോയറായി മോഹൻലാൽ നായകവേഷത്തിൽ എത്തിയിരുന്നു. ബോക്സോഫീസിൽ വലിയ വിജയമായി മാറിയിരുന്നു ഈ ചിത്രം. ദേവനായിരുന്നു ചിത്രത്തിൽ പ്രതിനായകവേഷത്തിൽ എത്തിയിരുന്നത്. പാർവതിയായിരുന്നു നായിക.

ശേഷം 1998-ൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ‘ഹരികൃഷ്ണൻസ്’ എന്ന ഫാസിൽ ചിത്രത്തിൽ അഡ്വ. കൃഷ്ണൻ എന്ന വക്കീൽ കഥാപാത്രമായി മോഹൻലാലെത്തി. ഇരുവരുടേയും മത്സരിച്ചുള്ള അഭിനയമായിരുന്നു സിനിമയിലേത്. ബോളിവുഡിലെ ശ്രദ്ധേയ താരം ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായികയായെത്തിയിരുന്നത്. തിയേറ്ററുകളിൽ ചിത്രം വലിയ വിജയം സ്വന്തമാക്കിയിരുന്നു.

2007-ൽ ‘ഹലോ’ എന്ന റാഫി മെക്കാർട്ടിൻ സിനിമയിലും അഡ്വ.ശിവരാമൻ നമ്പ്യാർ എന്ന അഭിഭാഷക കഥാപാത്രമായിരുന്നു മോഹൻലാൽ. എന്നാൽ ചിത്രത്തിൽ വക്കീൽ വേഷത്തിലുള്ള രംഗങ്ങളിലോ കോടതിയിലുള്ള രംഗങ്ങളോ ഒന്നുമില്ലായിരുന്നു. കോമഡി ത്രില്ലറായൊരുക്കിയ ചിത്രത്തിൽ പാർവതി മിൽട്ടൺ ആയിരുന്നു നായിക.

2009-ൽ ഷാജി കൈലാസ് ഒരുക്കിയ ‘റെഡ് ചില്ലീസി’ൽ ഒഎംആർ എന്ന കോർപറേറ്റ് ഐക്കണായെത്തിയ മോഹൻലാൽ സിനിമയിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഡിഫൻസ് അഭിഭാഷകനായും എത്തിയിരുന്നു. 2010-ൽ സുരേഷ് ഗോപി നായകനായെത്തിയ ‘ജനകൻ’ എന്ന സിനിമയിൽ അഡ്വ.സൂര്യനാരായണൻ എന്ന കഥാപാത്രമായും മോഹൻലാൽ എത്തിയിട്ടുണ്ട്. പതിമൂന്ന് വ‌ർ‍ഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നത്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ജീത്തു ‘നേര്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.