
“ഫഹദ് അടുത്ത സൂപ്പർസ്റ്റാർ; പ്രണവ് നേഴ്സറി കുട്ടിയെ പോലെ” : കൊല്ലം തുളസിയുടെ ഓരോ അഭിപ്രായങ്ങൾ
മലയാള സിനിമ – ടെലിവിഷൻ മേഖലകളിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ പേരുകേട്ട വ്യക്തിയാണ് കെ . കെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. സിനിമ മേഖലയിലും പുറത്തും തുളസീധരൻ നായർ എന്ന പേരിനു പകരം കൊല്ലം തുളസി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സ്കൂൾ കാലഘട്ടം മുതൽ നാടക അഭിനയത്തിൽ കഴിവ് തെളിയിച്ച തുളസി 1979 -ൽ ഹരികുമാറിൻ്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് കാൽ വെപ്പ് നടത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 200- ലേറേ സിനിമകൾ, 300ൽ അധികം റേഡിയോ നാടകങ്ങൾ, അനവധി ടെലി-സീരിയലുകൾ എന്നിവയിൽ വേഷമിട്ടു. 2006 -ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡും തുളസിയെ തേടിയെത്തി.
പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിൻ്റെ വില്ലൻ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പോലീസ് ഓഫീസറായും, പണക്കാരനായ മുതലാളിയായും, രാഷ്ട്രീയ നേതാവായും മലയാളി മനസുകളിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി തീർക്കുവാൻ തൻ്റെ അഭിനയ മികവിലൂടെ കൊല്ലം തുളസിയ്ക്ക് സാധിച്ചു. വില്ലൻ കഥാപാത്രങ്ങളെന്നാൽ അത് കൊല്ലം തുളസി ചെയ്യാട്ടെ എന്ന നിലയിലേയ്ക്ക് ഒരു കാലത്ത് മലയാള സിനിമ പോലും ചിന്തിച്ചു തുടങ്ങുകയായിരുന്നു. ഏറ്റെടുക്കുന്ന വേഷങ്ങൾ കഥാപാത്രത്തിൻ്റെ പൂർണത ഉൾക്കൊണ്ടുകൊണ്ട് ചെയ്യുക എന്നത് തുളസിയ്ക്ക് പ്രധാനമായിരുന്നു. അമ്മേ ഭഗവതി , യുവജനോത്സവം , തീർത്ഥം , ഭൂമിയിലെ രാജാക്കന്മാർ , ഇരുപതാം നൂറ്റാണ്ട് , എഴുതാപ്പുറങ്ങൾ ,
ഒരു സി ബി ഐ ഡയറിക്കുറിപ്പ് , കണ്ടതും കേട്ടതും , മൂന്നാംമുറ , ആഗസ്റ്റ് 1 , ചാണക്യൻ , ന്യൂസ് , അടിക്കുറിപ്പ്, ജാഗ്രത , സ്വാഗതം , അർത്ഥം , തുടങ്ങിയവ കൊല്ലം തുളസിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളാണ് .ക്യാൻസറിനെ പോലും അതിജീവിച്ച് ഈ അടുത്ത് താരം സിനിമയിലേയ്ക്ക് തിരിച്ചു വന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയുമായും മറ്റ് അനുബന്ധ വിഷയങ്ങളിലും തൻ്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കുന്ന താരം മലയാള സിനിമയിലെ യുവ നടന്മാരുടെ അഭിനയങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുവനടന്മാരുടെ അഭിനയത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും, നിലപാടും വ്യകത്മാക്കി രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ …
മലയാള സിനിമയിൽ ഒരുപാട് നടന്മാരുണ്ട് അവരും അവരുടെ മക്കളും നല്ല രീതിയിൽ അഭിനയിക്കുന്നവരാണ്. ഞാൻ കണ്ടിട്ടുള്ള നടന്മാരുടെ മക്കളുടെ അഭിനയം ഇവരുടേതൊക്കെയാണ്. പ്രണവിൻ്റെ അഭിനയം ഞാൻ കണ്ടിട്ടുണ്ട്. ജയറാമിൻ്റെ മകൻ കാളിദാസിൻ്റെ അഭിനയം ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകൻ ദുൽഖറിൻ്റെ അഭിനയം ഞാൻ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിൻ്റെ അഭിനയവും ഞാൻ കണ്ടിട്ടുണ്ട്. ഇവരുടെയെല്ലാം അഭിനയം കണ്ടിട്ടുണ്ടെങ്കിലും എനിയ്ക്ക് കൂടുതൽ മികച്ചതായും, ഇഷ്ടപ്പെട്ടതും ഫഹദ് ഫാസിലിൻ്റെ അഭിനയമാണ്. മറ്റുള്ളവരെക്കാൾ എല്ലാം വളരെ നന്നായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം. ഇവരെക്കാൾ എല്ലാം റേഞ്ച് ഉള്ള നടൻ ഫഹദ് ഫാസിൽ ആണെന്നാണ് എനിയ്ക്ക് തോന്നിയത്. അതേപോലെ മമ്മൂട്ടിയുടെ മകനാണ് ദുൽഖർ എന്ന് അദ്ദേഹം തെളിയിച്ചു.കഴിവുള്ള നടനാണ് അദ്ദേഹമെന്ന് തെളിയിച്ചു. മമ്മൂട്ടിയോടൊപ്പം വരേണ്ട സമയം അദ്ദേഹം എത്തട്ടെ ബാക്കി അപ്പോൾ നോക്കാം.
പ്രണവിനെക്കുറിച്ചുള്ള ചോദ്യത്തിനായി കൊല്ലം തുളസി പ്രതികരിച്ചത് ഇങ്ങനെ … പ്രണവിനെ കാണുമ്പോൾ ഒരു വിഷമം ആണ് ശരിയ്ക്കും തോന്നുന്നത്. നമ്മുടെ ഒരു കൊച്ചിനെ പോലെ .ഒരു നഴ്സറി കുട്ടിയെ പോലെ അവനെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് കാണുമ്പോൾ ഇല്ലാത്ത ഭാരം തുമ്പിയെക്കൊണ്ട് എടുപ്പിക്കുന്നത് പോലെയാണ്. മോഹൻലാലും സുചിത്രയും കൂടെ നിർബന്ധിച്ച് അയാളെ അയച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. ആ മുഖത്ത് പോലും ( പ്രണവിൻ്റെ ) ഒരു നിഷ്കളങ്കതയാണ്. പക്ഷേ അദ്ദേഹം കഴിയുവുള്ള നടനാണ് വളർന്ന് വരും. ഒരു കാലഘട്ടം കഴിയണമെന്ന് മാത്രം. മക്കളെ വളർന്ന് വരാൻ മലയാള സിനിമയിൽ അച്ഛൻമാർ അനുവദിക്കുകയില്ല. അല്ലെങ്കിൽ അച്ഛന്മാർ ഒന്ന് ഒതുങ്ങണം. അവരത് ചെയ്യുകയുമില്ല. അച്ഛൻമാർ ഒതുങ്ങിയാൽ അവർ ഔട്ട് ആയി പോവുകയില്ലേയെന്നും തുളസി ചോദിച്ചു. സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ ഇവരെല്ലാം നിർത്തിയിട്ട് മക്കളെ അങ്ങ് പറഞ്ഞു വാഴിച്ച് വിടണം.
അച്ഛൻ്റെയും മകൻ്റെയും പടം ഒരു ദിവസം റിലീസ് ചെയ്തു എന്നു കരുതുക ആരുടെ പടം വിജയിക്കണമെന്നാണ് രണ്ട് പേരും കരുതുക. അതുപോട്ടെ ഭാര്യ ആരുടെ വിജയിക്കണം എന്നു പ്രാർത്ഥിക്കും ? രണ്ടുപേരുടേതും വിജയിക്കട്ടെ എന്നല്ലേ കരുതുക. നമ്മൾ എന്താണ് പ്രാർത്ഥിക്കുക ? ആരാധകർ എന്താണ് പ്രാർത്ഥിക്കുകയെന്നും തുളസി ചോദിച്ചു. അതൊക്കെ ഒരു സ്വാഭാവിക കാര്യമാണെന്നും താരതമ്യപ്പെടുത്തി കാണണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നന്ദിയും, സ്മരണയും, ഗുരുത്വവുമുള്ള കുട്ടികളാണ് ഇവരെല്ലാമെന്നും, അതുകൊണ്ടാണ് അവർ രക്ഷപ്പെടുന്നതെന്നും അത് തെറ്റി പോയ പലരും ഉണ്ടായിട്ടുണ്ടെന്നും അവരൊന്നും ഇന്നേവരെ സിനിമയിൽ വിജയിച്ചില്ലെന്നും തുളസി സൂചിപ്പിച്ചു. വേറേ പലരുടെ മക്കളും അച്ഛന്മാരുടെ പാതയിൽ സിനിമ മേഖലയിൽ വന്നിട്ടുണ്ടെന്നും എന്നിട്ട് എന്തേ അവർ ആരും രക്ഷപെടാതെ പോയതെന്നും തുളസി ചോദിക്കുന്നു . ഉദാ : എം. ജി സോമശേഖരൻ്റെ മകൻ വന്നിട്ടുണ്ട് . ജഗനാഥ വർമ്മയുടെ മകൻ വന്നിട്ടുണ്ട്. അസീസ് ഇക്കായുടെ മകൻ വന്നിട്ടുണ്ട്. ഇബ്രാഹിം കുട്ടിയുടെ മകൻ വന്നിട്ടുണ്ട്. നസീറിൻ്റെ മകൻ വന്നിട്ടുണ്ട്. ഗുരുത്വമില്ലായ്മ കൊണ്ടായിരിക്കാം ഇവരൊക്കെ രക്ഷപ്പെടാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു.
ഫഹദ് ഫാസിലിനോടുള്ള പ്രത്യേക ഇഷ്ടം തോന്നാനുള്ള കാര്യം ചോദിച്ചപ്പോൾ അദ്ദേഹം കഴിവുള്ള നടനാണെന്നും, കഴിവുള്ള സംവിധായകനെ പോലുള്ള കഴിവുള്ള നടനാണ് അദ്ദേഹം.എനിയ്ക്ക് വലിയ ഇഷ്ടമാണ് അദ്ദേഹത്തെയെന്നും, ഫാസിലിൻ്റെ ഒരു സിനിമയിൽ പോലും താൻ അഭിനയിച്ചിട്ടില്ലെന്നും, പക്ഷെ അദ്ദേഹം ഗുരുത്വമുള്ള നടനാണെന്നും തന്നെ കണ്ടപ്പോൾ അത്ര വലിയ നടനായിട്ടു പോലും അദ്ദേഹം വളരെ നല്ല രീതിയിൽ പെരുമാറിയെന്നും തുളസി പറഞ്ഞു. അതുകൊണ്ട് രണ്ടുപേരെയും തനിയ്ക്ക് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് പൃഥ്വിരാജ്. പൃഥിരാജ് പഴയ ആളാണെന്നും അദ്ദേഹത്തിൻ്റെ കൂടെ വിനയൻ്റെ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അച്ഛനും ഞാനും തമ്മിൽ നല്ല ബന്ധമായിരുന്നെന്നും അത് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും തുളസി പറഞ്ഞു. പക്ഷെ അദ്ദേഹം തൻ്റെ സിനിമകളിൽ ഒന്നിലും തന്നെ വിളിച്ചിട്ടില്ലെന്നും അതിൽനീരസമുണ്ടെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു