ആവേശത്തിന് ശേഷം ഫഹദിന്റെ അടുത്ത ചിത്രം അൽത്താഫിനൊപ്പം; ഓടും കുതിര ചാടും കുതിര തുടങ്ങി
ഫഹദ് ഫാസിലിന്റെ ആവേശം വൻ ഹിറ്റായി കത്തി കയറി നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്. അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലാണ് ഫഹദ് പുതിയതായി അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ഫസ്റ്റ് ക്ലാപ്പടിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിന്റോ ജോർജ്ജ് ആണ്.
ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രൺജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിർവ്വഹിക്കുന്നത് ജെസ്റ്റിൻ വർഗ്ഗീസ് ആണ്. എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്.