‘എല്ലാവര്ക്കും ഇവിടെ സ്പേസ് ഉണ്ട്, നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ നില്ക്കാം’ ; മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഫഹദ് ഫാസില്‍
ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന നായകന്മാരെ കണ്ടുമടുത്ത മലയാളി പ്രേക്ഷകരുടെ മുന്നില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. 2009 മുതല്‍ 2022 വരെ നീളുന്ന പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഫഹദ് എന്ന നടന് മലയാള സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2002-ല്‍ ‘കയ്യെത്തും ദൂരത്ത് ‘ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അന്ന് വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചില്ല. ഒരിടവേള എടുത്ത് അദ്ദേഹം ഏഴ് വര്‍ഷത്തിന് ശേഷം കേരളകഫേ എന്ന സിനിമയിലൂടെ വന്‍ തിരിച്ചു വരവ് നടത്തി.
2011ലെ ചാപ്പാകുരിശ് എന്ന സിനിമയിലെ അഭിനയപ്രകടനം വന്‍ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദിന് നേടി കൊടുത്തു. സ്ത്രീകളും കുട്ടികളുമടക്കം വലിയ ആരാധകനിരയെ സ്വന്തമാക്കിയ താരം തന്നിലെ നടനെ രാകി മിനുക്കിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധ കാണിച്ചു. 22 ഫീമയില്‍ കോട്ടയം, ഡയമണ്ട് നെക്ളേസ്, ആമേന്‍, അന്നയും റസൂലും, അഞ്ചു സുന്ദരികള്‍, ആര്‍ട്ടിസ്റ്റ്, തുടങ്ങിയ സിനിമകളിലെല്ലാം ഫഹദിലെ പ്രതിഭയുടെ മിന്നലാടടം കണ്ട പ്രകടനങ്ങളായിരുന്നു.
ഇപ്പോഴിതാ ഫഹദ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടി അഭിനയിച്ച തന്റെ ഇഷ്ടമുള്ള സിനിമയാണ് ന്യൂഡല്‍ഹി. മമ്മൂക്കയുടെ ബിഗ്ബി സിനിമയെല്ലാം വളരെ ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണെന്നുമെല്ലാം ഫഹദ് പറയുന്നു. ”മമ്മൂക്കയുടെ സ്റ്റാര്‍ഡം എക്സ്പ്ലോയിറ്റ് ചെയ്യുന്ന സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഓള്‍ടൈം ഫേവറിറ്റ് സിനിമയാണ് ന്യൂഡല്‍ഹി. മമ്മൂക്കയെ ബിഗ്ബിയില്‍ പ്രസന്റ് ചെയ്തിരിക്കുന്ന രീതിയെല്ലാം വളരെ ഇഷ്ടമാണ്. ഞാന്‍ അതിന്റെയൊക്കെ വലിയ ഫാനാണ്. മമ്മൂക്ക ഒരിക്കല്‍ ഞാനും ദുല്‍ഖറും ഒന്നിച്ചിരിക്കുമ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ”എല്ലാവര്ക്കും ഇവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കിം കണ്ടും നിന്നാല്‍ ഇവിടെ നില്ക്കാം” എന്നായിരുന്നു.
ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പുഷ്പ ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തിന് ലഭിച്ചത്. ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ നവാഗതനായ അഖില്‍ സത്യന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ്.