‘രാജാവിന്റെ മകനില്‍ നിന്നും ഉടലെടുത്ത സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളുടെ കോംബോ’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങള്‍ക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരുന്നു അദ്ദേഹം. സത്യന് അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന് എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളത്തിനെ അത്രമേല്‍ ത്രസിപ്പിച്ചിരുന്നു. ഇപ്പോഴിതാ എസ്പി വെങ്കിടേഷിനേയും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
രാജാവിന്റെ മകനില്‍ നിന്നും ഉടലെടുത്ത സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളുടെ കോംബോ
രാജാവിന്റെ മകന് എന്ന എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ പിറന്നപ്പോള്‍ മലയാള സിനിമയ്ക്ക് ഒരു സൂപ്പര്‍സ്റ്റാറിനെ കിട്ടിയപ്പോള്‍ മലയാള ചലച്ചിത്ര സംഗീതത്തിന് കിട്ടിയത് ഒരു സൂപ്പര്‍ സംഗീതസംവിധായകനെ കൂടിയാണ്.പിന്നീട് നടന്നത് മലയാള സിനിമയുടെയും സംഗീതത്തിന്റെയും വലിയ ചരിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളെപറ്റി പറയുമ്പോള്‍ അതില്‍ എസ്.പി വെങ്കടേഷിന്റെ സംഗീതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ? മികച്ച പശ്ചാത്തല സംഗീതവും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായി മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ വാര്‍ത്തെടുക്കുന്നതില്‍ എസ്പി വെങ്കടേഷ് എന്ന സംഗീത സംവിധായകന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ കാണും.
പശ്ചാത്തല സംഗീതത്തെ കുറിച്ച് പരമാര്‍ശിക്കുമ്പോള്‍ ഇവര്‍ ഒരുമിച്ച സിനിമകളില്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ക്ലാസും മാസും ചേര്‍ന്ന ദേവാസുരവും, സ്പടികവും ആണ്. മംഗലശ്ശേരി നീലകണ്ഠനും, ആടുതോമയും. രണ്ടു നായക കഥാപാത്രങ്ങളും രണ്ട് ധ്രുവങ്ങളില്‍ ഉള്ളത്. രണ്ടു കഥാപാത്രങ്ങള്‍ക്കും എസ്പി വെങ്കടേഷ് കൊടുത്ത വ്യത്യസ്തമാര്‍ന്ന ബാക്ക് ഗ്രൗണ്ട് സ്കോര്‍.സിനിമയുടെ ആത്മാവ് പശ്ചാത്തല സംഗീതം തന്നെയാണെന്ന് അടിവരയിട്ട് പറയുന്ന രംഗങ്ങള്‍. വിന്‍സെന്റ് ഗോമസ്സില് തുടങ്ങി വഴിയോര കാഴ്ചകളിലെ രാഘവന് എന്ന ആന്റണി ഐസക് നും, ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്രവര്മ്മക്കും, ഇന്ദ്രജാലത്തിലെ കണ്ണന് നായര്‍ക്കും, കിലുക്കത്തിലെ ജോജിക്കും, ഗാന്ധര്‍വ്വത്തിലെ അലക്സിനും,No : 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിനും, തേന്മാവിന് കൊമ്പത്തിലെ മാണിക്ക്യനും, മാന്ത്രികത്തിലെ സ്റ്റീഫന്‍ റൊണാള്‍ഡിനും, മിഥുനത്തിലെ സേതുമാധവനും,മിന്നാരത്തിലെ ബോബിക്കും, ചന്ദ്രലേഖയിലെ അപ്പുക്കുട്ടനും തുടങ്ങി..മോഹന്‍ലാലിന്റെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെല്ലാം തലയെടുപ്പോടെ നില്‍ക്കുന്നത് എസ്.പി വെങ്കടേഷിന്റെ മാസ്മരികമായ പശ്ചാത്തല സംഗീതത്തിലൂടെ തന്നെയാണ്.
എസ്പി വെങ്കടേഷിന്റെ സംഗീതത്തില്‍ മോഹന്‍ലാല്‍ രണ്ട് പാട്ടുകള്‍ പാടിയിട്ടും ഉണ്ട്.
ഗാന്ധര്‍വ്വത്തിലെ അബലത്ത്വമല്ല, സ്ഫടികത്തില്‍ കെ. എസ്.ചിത്രയോടൊപ്പം പാടിയ ഏഴിമല പൂഞ്ചോലയും ആണ് ഇവ. വര്‍ഷങ്ങള്‍ക്കുശേഷം സ്പടികം 4K അറ്റ്മോസില് പുനരാവിഷ്ക്കരിക്കുമ്പോള്‍ എക്കാലത്തെയും ഹിറ്റ് സോങ് ആയ ഏഴിമല പൂഞ്ചോല പാടാന്‍ വീണ്ടും മോഹന്‍ലാല്‍ എസ് പി വെങ്കിടേഷ് ഒരുമിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്. ഈ കോമ്പിനേഷനില്‍ ഒരു മലയാള സിനിമ കൂടി അടുത്ത് ഉണ്ടാവട്ടെ, അതൊരു വലിയ ഹിറ്റ് ആവട്ടെ എന്ന ആശംസകളോടെ രണ്ടുപേരുടെയും കട്ട ഫാന്‍