“പൊന്നിയിന്‍ സെല്‍വന്‍ 2” കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ ; പോസ്റ്റര്‍ പുറത്തുവിട്ടു
1 min read

“പൊന്നിയിന്‍ സെല്‍വന്‍ 2” കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ ; പോസ്റ്റര്‍ പുറത്തുവിട്ടു

മിഴ് സിനിമാ ലോകത്തിന്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ എന്ന കല്‍ക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തില്‍ ചിരഞ്ജീവിയായി വാഴുന്ന മക്കള്‍ തിലകം എം ജി ആര്‍ മുതല്‍ കമലഹാസന്‍ അടക്കമുള്ളവര്‍ ഇത് സിനിമയാക്കാന്‍ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇങ്ങനെ സിനിമയിലെ മുന്‍കാല താരങ്ങള്‍ക്ക് കഴിയാതെ പോയത് വര്‍ഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രവര്‍ത്തികമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വ’ന് രാജ്യമൊട്ടാകെ ആരാധകരെ നേടാനായിരുന്നു. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രില്‍ 28 – ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്-1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ന്റെയും കേരളത്തിലെ വിതരണക്കാര്‍. റിലീസിന് മുന്നോടിയായി പിഎസ്-2 ന്റെ ട്രെയിലര്‍ മാര്‍ച്ച് 29 ന് പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റര്‍ പുറത്തു വിട്ടു. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയത്.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്‍മ്മന്‍ ആണ്. 1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു.