‘ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് എന്ന വാള്‍ എടുത്തു പ്രയോഗിക്കുന്ന കാലമാണ്’ ; കുറിപ്പ്

പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകള്‍, സിനിമകളിലെ സംഭാഷണങ്ങള്‍ തുടങ്ങിയവയിലെ ശരികളും ശരികേടുകളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ രാഷ്ട്രീയ ശരി/ശരികേടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച മമ്മൂട്ടി അഭിമുഖത്തിനിടെ പറഞ്ഞ ഒരു തമാശയെച്ചൊല്ലിയാണ്. മമ്മൂക്ക ചക്കരയാണെന്ന് ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം. ഇത് പിന്നെ റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ ശരികേട് ആണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുമ്പോള്‍ മറുഭാഗത്ത് ഒരു തമാശയെ ഇങ്ങനെ വ്യാഖാനിക്കാമോ എന്നും പറയുന്നു. ഈ വിഷയത്തില്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഉണ്ടെങ്കില്‍ ഒരു അരക്കിലോ. ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കല്‍ കറക്റ്റനെസ്സ് എന്ന വാള്‍ എടുത്തു പ്രയോഗിക്കുന്ന കാലമാണ്. കറുപ്പ് വെളുപ്പ്, പൊക്കം, പൊക്കക്കുറവ്, വണ്ണം, മെലിച്ചില്‍ എന്ന് വേണ്ടാ സകലതിനും സോച്യല്‍ മീഡിയയില്‍ പ്രതിക്ഷേത്തോടെ പ്രതിക്ഷേതമാണ്. പക്ഷേ ഏറ്റവും കൂടുതല്‍ വെളുക്കാനും, പൊക്കം വക്കാനും, വണ്ണം കുറയാനുമുള്ള മരുന്നുകള്‍ വില്‍ക്കപ്പെടുന്നതും കേരളത്തില്‍ ആയിരിക്കും. ഇതിന്റെ കാരണം ഫേസ്ബുക്കിലെയോ പ്രശസ്തരുടെ കമന്റുകളോ കാരണമല്ല. സ്വന്തം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അവഹേളനം കേള്‍ക്കേണ്ടി വരുന്നു എന്നത് യഥാര്‍ഥ്യമാണ്.

സിനിമകളില്‍ യാഥാര്‍ഥ്യങ്ങള്‍ കാണിക്കുക തന്നെ വേണം. അന്യായങ്ങള്‍ കാണിക്കുകയും അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിന്റെ ഒപ്പം കാണിക്കുകയും വേണം. അല്ലെങ്കില്‍ പിന്നെ നിറം, പൊക്കം, വണ്ണം, ജാതി, മതം, ദൈവം തുടങ്ങി സകലതിനും നമ്മള്‍ കുറ്റം പറച്ചിലുകളും കളിയാക്കലുകളും കേള്‍ക്കേണ്ടി വരും. സത്യത്തില്‍ മറ്റുള്ളവരെ പറ്റി പറയാന്‍ നമ്മള്‍ക്കെന്ത് അവകാശം? നമ്മള്‍ ആരുടെയും ചെലവിലും ആരും നമ്മുടെ ചെലവിലുമല്ലല്ലോ കഴിയുന്നത്!.

സത്യത്തില്‍ കോസ്മറ്റിക്കുകള്‍, സ്വര്‍ണ്ണം, ആഡംബര വസ്തുക്കള്‍, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ സഹായമില്ലാതെ തന്നെ അഭിമാനത്തോടെ നില്‍ക്കാന്‍ നമുക്ക് യോഗ്യത ഇല്ലേ? അവിടെയാണ് നമ്മുക്ക് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് വേണ്ടത്. ഒരുത്തന്റെയും ചെലവിലല്ല കഴിയുന്നത് എന്ന ഒറ്റ യോഗ്യത മതി അഭിമാനത്തോടെ നില്‍ക്കാന്‍. ശരിയല്ലേ? ആക്കാന്‍ വരുന്നവനോട് അത് തന്നെ പറയാം. വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികള്‍ കൊണ്ട് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഉണ്ടാവട്ടേ. വെറുതേ വാദിക്കാന്‍ വേണ്ടി മാത്രമുള്ള കമന്റുകള്‍ ഒഴിവാക്കുക… സജ്ജഷ്ന്‍സ് ആകാം…

 

Related Posts