‘ ഒരു വടക്കന്‍ വീരഗാഥ ‘ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍….
1 min read

‘ ഒരു വടക്കന്‍ വീരഗാഥ ‘ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍….

മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ടെന്നതിനുള്ള തെളിവായിരുന്നു കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററില്‍ റിറീലീസ് ചെയ്തപ്പോഴുണ്ടായിരുന്ന തിരക്ക്. അതുപോലെ മലയാളികള്‍ വേറെയും നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററില്‍ റിറിലീസ് ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ട്. ചന്തു ചതിയനല്ല എന്ന് പ്രേക്ഷകരോട് വിളിച്ചു പറഞ്ഞ, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ, ‘ഒരു വടക്കന്‍ വീരഗാഥ’ വന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1989 ഏപ്രില്‍ 14നാണ് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തു വന്നത്. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന ചിത്രത്തിന് വടക്കന്‍ വീരകഥകളിലെ ചന്തുവിന് ചതിയന്‍ എന്നല്ലാതെ മറ്റൊരു മാനം നല്‍കാന്‍ സാധിച്ചു. കുറിപ്പ് വായിക്കാം.


കുറിപ്പിന്റെ പൂര്‍ണരൂപം

സ്ഫടികം ഒന്നുകൂടി വരുന്നത് ചര്‍ച്ചയാവുന്നു. ടൈറ്റാനിക് ത്രീഡിയില്‍ ഇപ്പൊ വലിയ സ്‌ക്രീനിലുണ്ട്. അവതാര്‍ ഈയിടെ ഒന്നൂടി വന്നിരുന്നു. തിയറ്ററില്‍ കാണാന്‍ പറ്റാതെ പോയ, പിന്നീട് കണ്ടപ്പൊ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് കൊതിച്ച സിനിമകളാണ് ഇവയെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്ന കെട്ടു കണക്കിനു സിനിമകളുണ്ടാവും പറയാന്‍. മണിച്ചിത്രത്താഴും ചിത്രവും ഒക്കെ അടക്കം.
എന്നാല്‍ ഒരേയൊരു സിനിമ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പറയുക ഒരു സിനിമയുടെ പേരായിരിക്കും.

‘ ഒരു വടക്കന്‍ വീരഗാഥ ‘

ഏതെങ്കിലും ഒരു ഭാഗം യൂട്യൂബില്‍ മുന്നില്‍ വന്നാല്‍ ഇപ്പൊഴും മുഴുവന്‍ കാണാന്‍ തോന്നിക്കുന്നൊരു മാജിക് ഒളിഞ്ഞുകിടപ്പുണ്ട് അതില്‍. എജ്ജാതി സിനിമയാണെന്ന് തോന്നിപ്പോവും കണ്ടു കണ്ടങ്ങ് ഇരിക്കുമ്പൊ. പ്രത്യേകിച്ച് അരിങ്ങോടരുടെ അടുത്ത് ചേകവനെ അന്വേഷിച്ച് എത്തുന്ന ഉണ്ണിച്ചന്ദ്രോരുടെ സംഭവം തൊട്ടങ്ങോട്ട് ചിത്രം പോവുന്നത് വേറൊരു തലത്തിലാണ്.
ഓരോ നിമിഷവും ചന്തു പെട്ടുകൊണ്ടിരിക്കുന്ന അഴിയാക്കുരുക്ക് നമുക്ക് അനുഭവിച്ച് അറിയാന്‍ പറ്റും.

അരിങ്ങോടരും ആരോമലും തൊട്ടുള്ള അങ്കം തൊട്ട് അങ്ങോട്ട് തീയാണ്.
എത്ര ഭംഗിയായാണ്, എത്ര പഴുതില്ലാതെയാണ് ഓരോ കഥാപാത്രത്തെയും കൊത്തിയെടുത്തിരിക്കുന്നതെന്നും അവര്‍ തമ്മിലുള്ള ഇടപഴകലുകളെയും അതിന്റെ പരിണിതഫലങ്ങളെയും വരച്ചിട്ടിരിക്കുന്നതെന്നും തോന്നിപ്പോവും..
1989 ല്‍ സംഭവിച്ചതായിരുന്നു ആ മാജിക് എന്നൂടി കേള്‍ക്കുമ്പൊഴേ ഞെട്ടല്‍ പൂര്‍ണമാവൂ. അബ്‌സൊല്യൂട്ട് ജീനിയസ് എന്നല്ലാതെ വേറൊന്നും പറയാന്‍ കഴിയില്ല.

ചന്തു…
ചന്തുവാങ്ങള…
ചതിയന്‍ ചന്തു…