”എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും ഖസാക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി”; കുറിപ്പ്
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ജസ്റ്റിന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
നന്‍പകല്‍ നേരത്ത് മയക്കം കണ്ടു കൊണ്ടിരിക്കേ തന്നെ എനിക്ക് സിനിമയോട് ഒരു പരിചിതത്വം തോന്നിത്തുടങ്ങിയിരുന്നു.
കാറ്റും കരിമ്പനകളും എവിടെയോ കണ്ടും കേട്ടും ഹൃദ്യസ്ഥമായിപ്പോയതാണ്.
എവിടെയാണത്?
‘ഞെങ്ങ്ണ്ടാണ് ? ‘ചുമട്ടുകാരാന്‍ ചോദിച്ചു.
‘ഇനി…’ രവി പറഞ്ഞു.
അരയാലിലകളില്‍ കാറ്റു വീശി.
‘ഖസാക്കിലിയ്ക്ക് ‘ രവി പറഞ്ഞു.
ഖസാക്കിലേയ്ക്ക് ബസ്സ് വന്നിറങ്ങുന്ന രവിയ്ക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. അവിടേയ്ക്ക് അയാള്‍ എത്തിച്ചേരുമെന്ന് പണ്ടേ കരുതിക്കാണണം.
ആ സ്ഥലരാശിയത്രയും ഹൃദ്യസ്ഥമായിത്തീര്‍ന്നതുപോലെ , ചിരപരിചിതനെപ്പോലെയാണ് രവി കൂമന്‍ കാവില്‍ നിന്നത്.
നന്‍പകലിലെ ജെയിംസും ആ തമിഴ് ഗ്രാമത്തിലേക്കെത്തിച്ചേരുന്നത് ഒരു ബസ്സ് യാത്രയില്‍ തന്നെയാണ്.
ഞെട്ടിയുണര്‍ന്ന് ബസ്സില്‍ നിന്നിറങ്ങുന്ന സുന്ദരത്തിന് / ജെയിംസിന് ആ സ്ഥലം കൈവെള്ളയിലെ രേഖകള്‍ പോലെ സുപരിചിതമാണ്. ആദ്യമായി അവിടെയെത്തുന്ന ഒരു സഞ്ചാരിയായല്ല, മറിച്ച് അവിടെ ജനിച്ച് അവിടെ പഴകിപ്പോയ മനുഷ്യനായാണ് ജെയിംസ് / സുന്ദരം അവിടെ പെരുമാറാന്‍ തുടങ്ങുന്നത്.
രവിക്ക് വഴി കാട്ടാന്‍ ഒരു ചുമട്ടുകാരനെ വേണ്ടി വന്നു. സുന്ദരത്തിന് / ജെയിംസിന് ആരും വേണ്ടിയിരുന്നില്ല. സ്വന്തം വീട്ടിലെ ഉമ്മറത്ത് നിന്ന് കിടപ്പുമുറിയിലേക്ക് നടക്കുന്ന ഒരാളുടെ ആത്മവിശ്വാസത്തോടെ ചിരപരിചിതത്വത്തോടെ അയാള്‍ ആ ഗ്രാമത്തിലൂടെ നടന്നു നീങ്ങി.
ആകാശത്ത് തുമ്പികള്‍ പറന്നു.
കരിമ്പനകളിലും ചോളപ്പാടങ്ങളിലും കാറ്റു പടര്‍ന്നു.
ലിജോ ജോസ് പെല്ലിശ്ശേരി താന്‍ കണ്ട പഴയ ഒരു പരസ്യ ചിത്രത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.
ആ പരസ്യം ഇങ്ങനെയാണ്.
ഒരു ബസ്സില്‍ സഞ്ചരിക്കുന്ന ഒരു പഞ്ചാബി കുടുംബം.
അവര്‍ ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ എന്തോ സംസാരിക്കുന്നുണ്ട്.
ബസ്സ് ഒരു പഴയതെങ്കിലും പ്രൗഢമായ വീടിന് മുന്നില്‍ എത്തുന്നു.
പെട്ടെന്ന് ബസിലെ ഒരു കുട്ടി തമിഴില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നു.
കുട്ടി തമിഴില്‍ സംസാരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന വീട്ടുകാര്‍ നോക്കി നില്‍ക്കെ അവന്‍ ആ വീട്ടിലേക്ക് നടന്നു.
അകത്തളത്തില്‍ സ്വന്തം വീടുപോലെ അവന്‍ പെരുമാറി. അവന്റെ പൂര്‍വ്വ കാലത്തിലെ ഒരു പെട്ടി അവന്‍ അവിടെ കണ്ടെത്തുന്നു. അവന്‍ അതില്‍ കോറിയിട്ട പഴയ പ്രണയിനിയുടെ പേരിലൂടെ അവന്‍ വിരലോടിക്കുന്നു.
ആ വീട്ടിലെ ഒരമ്മ ദുരൂഹമായ ഏതോ സാധനയിലൂടെ അവനെ തിരിച്ചറിയുന്നു.
വീണ്ടും ഖസാക്കിലേക്ക് വരാം.
ഇതിഹാസത്തിന്റെ 22-ാം അധ്യായത്തില്‍
ഒരു കുഞ്ചുവെള്ളയുടെയും ദേവകിയുടെയും കഥയുണ്ട്.
ആ കഥയിങ്ങനെയാണ് ( പുസ്തകത്തില്‍ നിന്ന് അതേപടി പകര്‍ത്തിയെഴുതുന്നു.)
പനകേറ്റക്കാരന്‍ നാകന്റെയും കെട്ടിയവള്‍ തായമ്മയുടെയും മകളായിരുന്നു കുഞ്ചുവെള്ള. അവള്‍ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അവര്‍ കൂമന്‍കാവിലേയ്ക്കു വിരുന്നുപോയി. അവിടെവെച്ച് കുഞ്ചുവെള്ള മരിച്ചു. അക്കൊല്ലം കൂമന്‍കാവിലെ അയ്യാവിന്റെ കെട്ടിയവള്‍ കണ്ണമ്മയ്ക്ക് ഒരു മകള്‍ പിറന്നു. അവര്‍ അവളെ ദേവകിയെന്നു വിളിച്ചു.
നന്നെ ചെറുപ്പത്തില്‍ത്തന്നെ ദേവകി
ഓര്‍ത്തോര്‍ത്തു കൊണ്ടിരിയ്ക്കുക പതിവായിരുന്നു.
മണിക്കൂറുകളടുപ്പിച്ച് അങ്ങനെയിരിയ്ക്കും. മകളെ മടിയിലിരുത്തി കണ്ണമ്മ ചോദിയ്ക്കും, ”എന്താണ്ടി മക്‌ളേ നീയിങ്ങനെ ഇരിയ്ക്ക്ണ്?
ദേവകി പറയും, ”നാന് നെനയ്ക്ക്യാണമ്മാ.”
അഞ്ചു വയസ്സു തികയുന്ന അന്ന് അവള്‍ അമ്മയോടു പറഞ്ഞു, ”അമ്മാ
എയ്ക്ക് ഇഞ്ഞ്ം വേറൊര് അമ്മയിണ്ട്’
കണ്ണമ്മ ഗൗനിച്ചില്ല. അഞ്ചുവയസ്സായ കുട്ടികള്‍ പലതുമോര്‍ക്കും. പലതും പറയും. പക്ഷെ, ദേവകി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. മറേറ അമ്മയെ കാണണമെന്നു പറഞ്ഞു കരയാന്‍ തുടങ്ങി… ദേവകി മുമ്പേ നടന്നു. പുറകെ അയ്യാവും കണ്ണമ്മയും നടന്നു. അങ്ങിനെ അവര്‍ നാകന്റെയും തായമ്മയുടെയും വീട്ടിലെത്തി.
”ദാ, ദാണെന്റെ വീട്, ദേവകി പറഞ്ഞു. ഖസാക്കുകാര്‍ അവിടെ കൂടി. ദേവകി വീടിന്റെ മുക്കും മൂലയും
തിരിച്ചറിഞ്ഞു. പണ്ട് മച്ചില്‍ തിരുകിവെച്ചിരുന്ന ഒരു കമ്മിട്ടങ്കുഴല് അവിടെത്തന്നെയിരിപ്പുണ്ട്.
‘അമ്മാ,” അവള്‍ തായമ്മയോടു ചോദിച്ചു, ”അപ്പനെവിടീ, അമ്മാ?
തായമ്മ കരഞ്ഞു.
*അപ്പന്‍ പോയെടി, മക്‌ളേ, തായമ്മ പറഞ്ഞു. ”പനിന്ന് വീണ്ങ്ങാണ്ട്
കണ്ടുനിന്ന പെണ്ണുങ്ങള്‍ കണ്ണുതുടച്ചു. ആളുകള്‍ അതിശയിയ്ക്കുന്നതെന്തെന്ന് ദേവകിയ്ക്കു മാത്രം മനസ്സിലായില്ല. അവള്‍ കണ്ണമ്മയോടു ചോദിച്ചു,
”അമ്മയ്ക്ക് നിനവില്ലയോ? അന്ന് കൊളക്കടവില്?
”എന്ന്, മകളേ?’ കണ്ണമ്മ ചോദിച്ചു.
‘ അന്ന് അന്ന് ഒര് പാടന്ന്. അമ്മ കുളിയ്ക്കിമ്പോ നാനതിയേ പറ്റിപ്പറ്റി വന്നീലമ്മാ ?’
കണ്ണമ്മ പെട്ടെന്നോര്‍ത്തു. അഞ്ചു കൊല്ലവും പത്തുമാസവും മുമ്പ് ഒരു സന്ധ്യ. അവള്‍ കുളക്കടവില്‍ ഒറ്റയ്ക്കു കുളിച്ചു നില്‌ക്കെ , കുളത്തിന്റെ മേടു താണ്ടി ഒരു ശ്മശാനയാത്ര കടന്നുപോവുകയായിരുന്നു.
നന്‍പകല്‍ ഖസാക്കില്‍ നിന്ന് കടം കൊണ്ടു എന്നല്ല,
എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും എന്നില്‍ ഖസാക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നാണ് പറഞ്ഞു വരുന്നത്.
ജെയിംസിന്റെ ഉറക്കത്തിന് സിനിമയില്‍ വളരെയധികം പ്രാധാന്യമുണ്ടല്ലോ. അയാളുടെ രണ്ട് ഉറക്കങ്ങള്‍ക്കിടയിലാണ് സിനിമയുടെ വശ്യമായ അടരുകള്‍ വിടരുന്നത്.
അവിടെയും എനിക്ക് രവിയെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരിക്കല്‍ രവി ഇങ്ങനെ ചിന്തിച്ചു പോകുന്നുണ്ടല്ലോ..
‘ഈശ്വരാ ഒന്നുമറിയരുത്,
ഉറങ്ങിയാല്‍ മതി, ജന്മത്തില്‍
നിന്ന് ജന്മത്തിലേക്ക്
തലചായ്ക്കുക. കാടായി,
നിഴലായി, മണ്ണായി,
ആകാശമായി വിശ്രമം കൊള്ളുക’
നന്ദി…
മമ്മൂട്ടി
എസ്. ഹരീഷ്.
ലിജോ ജോസ്
തേനി ഈശ്വര്‍
എനിക്ക് തന്ന ഗംഭീര സിനിമാനുഭവത്തിന്.