‘മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്’; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഇത് കേള്‍ക്കുമ്പോള്‍ ഏതോ ആരാധകന് സൃഷ്ടിച്ച അതിശയോക്തി ആയി തോന്നാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരരാജാവിനുള്ള ജനപ്രീതി മറ്റൊരു നടനും അവകാശപെടാനില്ലെന്നതാണ് സത്യം. തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം നോക്കി വിജയത്തിന്റെ തോത് വിലയിരുത്തിയ ഒരു കാലത്തു നിന്നും മലയാളസിനിമ കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചപ്പോഴും അവിടെയും മുന്നില്‍ നിന്നത് മോഹന്‍ലാല്‍ ആണ്.
മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉണ്ടായിരുന്നു. അതില്‍ മൂന്നിലും നായകനായിരുന്നത് മോഹന്‍ലാല്‍ ആണ്. ബോളിവുഡിലും തെലുങ്കിലും തമിഴിലും മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമയായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്. പില്ക്കാല മലയാള സിനിമയുടെ കാന്‍വാസ് വികസിപ്പിച്ചതില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ചിത്രമായി മാറുകയായിരുന്നു പുലിമുരുകന്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മൂവി റീല്‍ എന്ന പേജില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
ഒരേ ഒരു മോഹന്‍ലാല്‍. ആവറേജ് റിപ്പോര്‍ട് + പ്രൊമോഷന് ഉള്ള സിനിമകള്‍ ഈസി ആയി 50cr ല്‍ കേറുന്ന ഈ 2022 ല്‍ പോലും തീയേറ്ററിന് പുറത്തുള്ള ബിസിനസ്സ് എന്നൊക്കെ പറഞ്ഞു ട്രാക്ക് ചെയ്യാന്‍ ഓക്കാത്ത കണക്കൊക്കെ എഴുതി കൂട്ടി തങ്ങളുടെ സിനിമയുടെ പോസ്റ്ററില്‍ ഒരു 100 കോടി അടിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഈ മോളിവുഡ് ഇന്‍ഡസ്ട്രിയില്‍ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് WW 140 കോടിയ്ക്ക് മുകളില്‍ ഗ്രോസ്സ് നേടിയ നടന്.
സ്റ്റാര്‍ഡം എന്നത് ജനം അറിഞ്ഞു നല്‍കുന്നതാണ് ഒരു പ്രൊമോഷണല്‍ തള്ളുകൊണ്ടും അത് നേടാന്‍ ആവില്ല എന്ന് ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. മലയാളം ഇന്‍ഡസ്ട്രി യുടെ അതാത് സമയത്തെ പൊട്ടന്‍ഷ്യല്‍ അറിയാന്‍ ഒരു ലാല്‍ ചിത്രം പോസിറ്റീവ് വരണം എന്നൊരു സംസാരം എല്ലാ സിനിമാക്കാര്‍ക്കും ഇടയിലുണ്ട്. കാത്തിരിക്കാം പുലിമുരുകന് പോലെ ഓളം ഉണ്ടാക്കിയ ആബാലവൃദ്ധ ജനങ്ങളെയും തീയറ്ററില്‍ എത്തിച്ച ഒന്ന്, മലയാളത്തില്‍ വീണ്ടും സംഭവിക്കാന്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.