‘അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ആവേശ തിരമാല ഉയരത്തില്‍ അടിച്ചുയരുന്നു’; കുറിപ്പ്
1 min read

‘അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ആവേശ തിരമാല ഉയരത്തില്‍ അടിച്ചുയരുന്നു’; കുറിപ്പ്

ലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുെ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകരും പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്കാരനായ തനി നാടന്‍ കഥാപാത്രമായിട്ടാകും മോഹന്‍ലാല്‍ എത്തുകയെന്നു സൂചനയുണ്ട്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍ – ലിജോ കോമ്പോയുടെ സിനിമ ആരംഭിക്കുക. നിലവില്‍ മോഹന്‍ലാല്‍ റാം ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇപ്പോഴിതാ ലിജോ ജോസും മോഹന്‍ലാലും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

1986 ല്‍ രാജാവിന്റെ മകനിലൂടെ മലയാള സിനിമയില്‍ ഒരു താരരാജാവുണ്ടായി. ഇയാളില്‍ മലയാള സിനിമയുടെ ഇടതു വശം ചെരിഞ്ഞു പോകുമെന്ന് പോലും ബോധ്യമില്ലാത്ത ഒരുയര്‍ച്ച. സിനിമാകൊട്ടകങ്ങള്‍ ആവേശം തീര്‍ത്ത ആ നാളില്‍ തന്റെ അപ്പനോടൊപ്പം ഒരു കൊച്ചു പയ്യന്‍ സിനിമ കാണാനെത്തി.മലയാള സിനിമയില്‍ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആര്‍ദ്രത അന്നവന്‍ തിരിച്ചറിഞ്ഞു.
അതൊരു തുടക്കമായിരുന്നു. താളവട്ടം, ദശരഥം, നാടോടിക്കാറ്റ്, തൂവാനത്തുമ്പികള്‍, കിലുക്കം, ദേവാസുരം, കിരീടം, കമലദളം, സ്പടികം, വാനപ്രസ്ഥം, ഭരതം, തന്മാത്ര, ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദേഹം ഇന്നും മലയാളിയെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു.

ബാലഗോപാലനായും സേതുവായും മംഗലശ്ശേരി നീലകണ്ഠനായും ആറാം തമ്പുരാനായും ആടുതോമയായും ജോര്‍ജ് കുട്ടിയായും അയാള്‍ ആടി തിമിര്‍ത്തു. മറ്റൊരാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തത്ര മനോഹരമായി മോഹന്‍ലാല്‍ എന്ന നടന്‍ വളര്‍ന്നു കൊണ്ടിരുന്നു. പ്രണയവും പരാജയവും പകയും നിസ്സഹായതയും സന്തോഷവും തുടങ്ങി സകല രസഭാവങ്ങളും അദ്ദേഹത്തിന് സ്വന്തമായിരുന്നു. ഒരു സിനിമയില്‍ പോലും അയ്യോ മോഹന്‍ലാല്‍ ഇതില്‍ വേണ്ടായിരുന്നു എന്ന് പ്രേക്ഷകര്‍ പറഞ്ഞിട്ടില്ല. പകരം വെക്കലുകള്‍ക്ക് സ്ഥാനമില്ലാത്ത The complete actor ആയി മോഹന്‍ലാല്‍ വളര്‍ന്നു. ആ 12 വയസുകാരന്‍ വളര്‍ന്നു വലുതായി ഇന്ന് കേരളത്തിലെ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രതിഭാസമായി മാറി.

2010 ല്‍ നായകനില്‍ തുടങ്ങി സിറ്റി ഓഫ് ഗോഡും ആമേനും അങ്കമാലി ഡയറീസും ഈ മ യൗവും ജെല്ലികെട്ടും ചുരുളിയും കടന്നെത്തി നില്‍ക്കുന്നു.ഒരുപക്ഷെ സാധാരണ മലയാളിക്ക് ലിജോ ഇന്നും കുരുക്കഴിയാത്ത ഒരു ചുരുളിയാണ്.’നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പോത്തിനെ ഓടിച്ച് അവന്‍ ഓസ്‌കാര്‍ വരെ എത്തി’. അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കാന്‍ പോകുകയാണ്.പ്രതിഭയും പ്രതിഭാസവും ഒന്നായി ചേര്‍ന്ന് ഒഴുകാന്‍ തീരുമാനിച്ച ഈ നല്ല നാളില്‍ ആകാംക്ഷയുടെ ആര്‍പ്പു വിളിയില്‍ ഞങ്ങളും പങ്കുചേരുന്നു.ആവേശ തിരമാല കൂടുതല്‍ ഉയരത്തില്‍ അടിച്ചുയരുമ്പോള്‍ പിന്നാമ്പുറ കാഴ്ചകള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുക