“കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വ്യാകുലപ്പെടാതെ യാതൊരു ഫ്രസ്ട്രേഷനും ദേഷ്യവും കാണിക്കാതെ ശാന്തമായ ചിരിയോടെ കില്ലറെ കണ്ടുപിടിക്കാനുള്ള അയ്യരുടെ UNIQUE IDENTITY” ; കുറിപ്പ്
മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് കണ്ടും ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും.
അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ കാണാന്‍ സാധിക്കും. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍, ജഗതി ശ്രീകുമാര്‍ എന്നിവരോടൊപ്പം വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.’സിബിഐ’ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ ജുവല്‍ സ്റ്റീവന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. സിബിഐ സീരീസില്‍ ഉടനീളം കണ്ടിട്ടുള്ളത് ശാന്തനായ, അന്വേഷിക്കുന്ന കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്നു വ്യാകുലപെടാത്ത ലളിതമായി കേസുകളെ അഭിമുഖീകരിക്കുന്ന അയ്യരെയാണന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. അന്വേഷണത്തിന്റെ വഴിയില്‍ യാതൊരു ഫ്രസ്ട്രേഷനും , ദേഷ്യവും കാണിക്കാതെ കില്ലറെ കണ്ടു പിടിക്കാന്‍ ഉള്ള ത്വരയെ ശാന്തമായ ചിരിയില്‍ ഒതുക്കുന്ന കഥാപാത്ര നിര്‍മിതി തന്നെയായിരുന്നു സിബിഐ സീരീസിന്റെയും അയ്യരുടെടെയും യുണീക്ക് ഐഡന്റിറ്റി .!
ആവനാഴിയില്‍ വളരെ ലൗഡ് ആയിട്ടുള്ള മുന്ശുണ്ടികാരനായ തൊട്ടാല്‍ പൊള്ളുന്ന ബല്‍റാം ആയി അഭിനയിച്ചു നില്ക്കുന്ന സമയത്തു മറ്റൊരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സിനിമയുമായി മമ്മൂട്ടിയെ സമീപിച്ച സ്വാമിയോട് മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്ത ഐഡിയ ആയിരുന്നു ഇത്രക്കും കാം & കൂള്‍ ഹെഡ്ഡഡ് ആയ സിബിഐ ഓഫിസര്‍ സ്റ്റോറി പറയാം എന്ന്. അങ്ങനെയൊരു യുണീക്ക് പാത്ത് ആണ് ഈ അഞ്ചാം ഭാഗത്തില്‍ പൊളിയാന്‍ പോകുന്നത് എന്നു ട്രയ്ലര്‍ കണ്ടപ്പോള്‍ തോന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
തന്റെ കഥാപാത്രത്തെ സ്വാമി മറന്നത് ആകാന്‍ യാതൊരു വഴിയുമില്ല. കഴിഞ്ഞു പോയ നാലു ഭാഗങ്ങളിലെ നാലു വ്യത്യസ്ത കേസുകളെ തന്റെ സ്വതസിദ്ധമായ രീതിയില്‍ അന്വേഷിച്ചു കണ്ടെത്തിയ അയ്യരിലെ ബുദ്ധിരാക്ഷസന്റെ തലയെ അഞ്ചാം ഭാഗത്തിലെ കില്ലര്‍ പുകച്ചു നിര്‍ത്തുന്ന പോയിന്റിലേക്ക് കഥ എത്താനെ വഴിയുള്ളു. അതിലേക്ക് എത്തുന്ന സാഹചര്യങ്ങളും വഴിയും അയ്യരെ കുഴക്കുന്നതിനോടപ്പം പ്രേക്ഷകന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യാതെ മികച്ച രീതിയില്‍ അവരിലേക്ക് എത്തിക്കാനുള്ള സ്ക്രിപ്റ്റിംഗ് സ്വാമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ശരാശരി മേക്കിങ് കൊണ്ട് തന്നെ സിബിഐ തട്ടു കേട് ഇല്ലാത്ത ത്രില്ലര്‍ അനുഭവമാകും എന്ന പ്രതീക്ഷയുണ്ടെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
സിബിഐ തുടര്‍ഭാഗം ആയത് കൊണ്ടും അയ്യരുടെ തിരിച്ചു വരവ് ആയത് കൊണ്ടും മികച്ച ഔട്പുട്ടില്‍ കുറഞ്ഞതിനോട് പൊരുത്തപ്പെട്ടു പോകാനുള്ള മനസ് ഇല്ലെങ്കില്‍ പോലും കിട്ടുന്നത് കൊണ്ടു തൃപ്തിപ്പെടുക എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ട്രയ്ലറില്‍ മുഴച്ചു നില്ക്കുന്ന വലിയ പോരായ്മകളെ കവച്ചു വെക്കുന്ന സിനിമാറ്റിക് അനുഭവം ഉണ്ടാകും എന്ന പ്രതീക്ഷയോടെ. ശാന്തനായ അയ്യരെ ആദ്യമായി പ്രോവോക്ക് ചെയ്യാനും മാത്രമുള്ള വില്ലന്റെ വഴികള്‍ പ്രേക്ഷകനും കണക്ട് ആകും എന്ന പ്രതീക്ഷയോടെ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.