‘കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹത്തിന്റെ കാഴ്ച്ചയും മോഹന്‍ലാലും കൂടെയായപ്പോള്‍ ഗാനം മനോഹരമായി’; കുറിപ്പ് വൈറല്‍
ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ലോകകപ്പിന് മല്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഇപ്പോഴിതാ ഈ ഗാനത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ അജയ് പള്ളിക്കര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
30 തിയതി രാത്രി 11 മണിക്ക്, 2022 ഖത്തറില്‍ വെച്ച് നടക്കുന്ന വേള്‍ഡ്കപ്പിനോട് അനുബന്ധിച്ചു ഒരു ട്രിബ്യൂട്ട് ആയി മോഹന്‍ലാലും, ആശിര്‍വാദും സോങ്ങിലൂടെ വരുന്നു എന്ന് പറഞ്ഞപ്പോഴേ കുറച്ചു ശ്രദ്ധ കൊടുത്തിരുന്നു. ശേഷം ഖത്തര്‍ വേദിയില്‍ മോഹന്‍ലാല്‍ അഥിതിയായി ചെന്നതും, അവിടെ വേദിയില്‍ സംസാരിക്കുന്ന കൂട്ടത്തില്‍ മലപ്പുറം എന്നൊക്കെ എടുത്ത് പറഞ്ഞപ്പോള്‍ ഒരു മലപ്പുറക്കാരന്‍ എന്ന നിലയില്‍ അഭിമാനം തന്നെയാണ്. ഒപ്പം ലോകകപ്പിന് ഒരു സോങ്ങ് കൊണ്ടുവരാനും അത് ഇതുപോലെ അവര്‍ക്ക് മുന്നിലും ലോകത്തിന് മുന്നിലും അവതരിപ്പിക്കാന്‍ കഴിഞ്ഞതിലും നമുക്ക് എല്ലാവര്ക്കും ചെറിയ രീതിയില്‍ എങ്കിലും അഭിമാനിക്കാം.
4 മിനിറ്റും 18 sec ദൈര്‍ഘ്യം ഉള്ള പാട്ട്. ആ പാട്ട് ആദ്യം കണ്ടപ്പോള്‍ അത്യാവശ്യം ക്യാളിറ്റി ആദ്യം തോന്നി, പിന്നെ അതിന്റെ അണിയറയില്‍ അത്യാവശ്യം നല്ല ആളുകള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത് എന്ന് തോന്നി ഈ രണ്ട് തോന്നലുകളും ശരിയാണെന്ന് ഉറപ്പിച്ചു. പാട്ടില്‍ എല്ലാം ഉണ്ടായിരുന്നു കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹത്തിന്റെ കാഴ്ച്ചയും, മലപ്പുറം ക്കാരുടെ ജീവിതവും ഫുട്ബോള്‍ ജീവിത സാഹചര്യ കാഴ്ച്ചകളും അവിടുത്തെ ആരവങ്ങളും, ആഘോഷങ്ങളും, ഒപ്പം ലോകകപ്പ് ടീമിന്റെ വിശേഷണങ്ങളും അങ്ങനെ പാട്ടിനുള്ളില്‍ എല്ലാം ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു.
അണിയറയിലേക്ക് പോയാല്‍ ഈ പാട്ടിനെ ഇത്രയും മനോഹരം ആക്കിയെടുക്കാന്‍ കാരണം ഒന്ന് മ്യൂസിക്ക് .ഹിഷാം അബ്ദുള്‍ വഹാബ് നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. രണ്ടാമത് ക്യാമറ. സുദീപ് എലമന്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മൂന്ന് എഡിറ്റിംഗ്. പാട്ടിനെ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഓരോ ഭാഗങ്ങളും നന്നായി കട്ട് ചെയ്ത് കയറ്റാന്‍ ഡോണ്മാക്സ്ന് കഴിഞ്ഞിട്ടുണ്ട് അയ്യാള് ഒരു സംവിധായകന് ആയത് കൊണ്ട് തന്നെ അതിന്റെ ഭംഗി കാണാം.
ഇതിന്റെ എല്ലാം പുറമെ ടി കെ രാജീവ് കുമാറിന്റെ സംവിധാനവും കൃഷ്ണദാസിന്റെ വരികളും മോഹന്‍ലാലും,കൂടെ പാടിയവരും അങ്ങനെ എല്ലാവരും തന്നെയാണ് ഇതിനെ ഇത്രയും മനോഹരം ആക്കിയത് മൊത്തത്തില്‍ നന്നായി തന്നെ വന്ന ഈ osng ന് അല്ലെങ്കില്‍ ലോകകപ്പ് കാണുന്നതിന് മുന്‍പ് കേള്‍ക്കാനും, സ്റ്റാറ്റസ് ഇടാനുമൊക്കെ പറ്റാവുന്ന ഈ സോങ്ങിന് അത്ര നല്ല അഭിപ്രായങ്ങളോ, അഭിനന്ദിച്ചുള്ള പോസ്റ്റുകളോ കാണാന്‍ കഴിഞ്ഞില്ല. ബറോസ് എന്ന സിനിമയുടെ പ്രൊമോഷന് കൂടി സൈഡില്‍ നടന്നിട്ടുണ്ട് സിനിമ വന്നാല്‍ അറിയാം എന്താകും എന്ന്. പാട്ടില്‍ ചെറിയ രീതിയിലെങ്കിലും പോരായ്മ തോന്നിയത് വരികള്‍ ആയിരുന്നു എങ്കിലും വിഷ്വല്കൊണ്ടും മ്യൂസിക്ക് കൊണ്ടും ഒപ്പിച്ചു വെച്ചിട്ടുണ്ട്.