“മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ” ; കുറിപ്പ് വൈറൽ
1 min read

“മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ” ; കുറിപ്പ് വൈറൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. പുതിയ താരങ്ങൾ നിരവധി മലയാള സിനിമയിൽ പിറവിയെടുത്തിട്ടും മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സിംഹാസനം കയ്യടക്കാൻ പോകുന്ന തരത്തിലുള്ള വിസ്മയ പ്രകടനം ഒരാൾ പോലും ഇതുവരെയും കാഴ്ചവെച്ചിട്ടില്ല. മാത്രമല്ല. മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ച പോലുള്ള സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭാവം മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ ഇരുവരേയും കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം 

 

അഭിനയരീതികൾ കൊണ്ട് താരതമ്യത്തിന് ഇടയില്ലാത്ത 2നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും,പക്ഷേ അവർ മലയാളസിനിമയുടെ ഒരേ കാലഘട്ടം പങ്ക് വെക്കുന്ന സൂപ്പർ താരങ്ങളും, വൈകാരികമായി മനുഷ്യരുടെ മത്സരബുദ്ധിക്ക്- ഫാൻ ഫൈറ്റിന് – കാരണമാകുന്നവരുമാണ്.ഒരേ സാമൂഹത്തിന്റെ ഉത്പന്നങ്ങളായ കഥാപാത്രങ്ങളെയും സിനിമകളെയും പ്രതിനിധീകരിക്കുന്നവർ എന്ന നിലക്ക് ചില താരതമ്യങ്ങളും ആവാം.

മികച്ച സിനിമകൾ, പുരസ്‌കാരങ്ങൾ, മികച്ച സംവിധായകർ, മികച്ച തിരക്കഥകൾ, അന്യഭാഷാ ചിത്രങ്ങൾ, എല്ലാം ലഭിച്ചത് മമ്മൂട്ടിക്കാണ്, ഒരു നായക നടന് വേണ്ട ശബ്ദ രൂപ പൊരുത്തങ്ങളുടെ നിറവ് അദ്ദേഹത്തിനുണ്ട്, മോഹൻലാലിന് എന്നല്ല സൗത്ത് ഇന്ത്യയിലെ മറ്റൊരു സൂപ്പർ താരത്തിനും ഉള്ളതിലും അധികം. കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ശബ്ദംകൊണ്ടും രൂപം കൊണ്ടും പരുവപ്പെടുന്ന മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടെങ്കിൽ അത് കമലഹാസനാണ്.

അഭിനേതാവ് എന്ന നിലയിൽ മറ്റ് സൂപ്പർ താരങ്ങളുമായി താരതമ്യം അർഹിക്കാത്ത വിധം മുകളിലാണ് അദ്ദേഹം. മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ അവതരിപ്പിക്കാവുന്ന നായകൻ. ( ഫൈറ്റിലും ഡാൻസിലും അദ്ദേഹം പോര ന്നുള്ള അഭിപ്രായമുണ്ട്, കൊമേഴ്‌സൽ സിനിമയുടെ ഭാഗമായി നിൽക്കുമ്പോൾ അതൊരു പോരായ്മയുമാണ് പക്ഷേ മികച്ച സിനിമ എന്നാൽ അടിയും പാട്ടുമല്ലല്ലോ)

ഈ മമ്മൂട്ടിയോടാണ് പതിറ്റാണ്ട്കളായി സിനിമമത്സരവുമായി മോഹൻലാൽ നിൽക്കുന്നത്, മമ്മൂട്ടിയുടെ മേന്മയായി പറഞ്ഞിരിക്കുന്ന ഘടകങ്ങളൊന്നും മോഹൻലാലിനില്ല, അടൂരിന്റെയോ, കെജി ജോർജിന്റെയോ, സിനിമകളിൽ അയാൾ ഭാഗമായിട്ടില്ല, മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകൃത്തായ എം ടി യുടെ വടക്കൻ വീരഗാഥപോലെ ഒരു മാസ്റ്റർ പീസിൽ നായക വേഷം ചെയ്യാൻ മോഹൻലാലിനായില്ല ( സദയവും, താഴ്വാരവും മറന്നല്ല ഇത് പറയുന്നത് )

അന്യഭാഷാ സിനിമകളിൽ മമ്മൂട്ടിക്ക് ലഭിച്ചത്പോലെ, കഥാപാത്രങ്ങളോ ഹിറ്റ്കളോ മോഹൻലാലിന് ലഭിക്കുകയുണ്ടായില്ല. പക്ഷേ പുലിമുരുഗൻ കാലത്തോളം മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഈ കുറവുകൾ ഒക്കെയുള്ള മോഹൻലാൽ തന്നെ ആയിരുന്നു.

അതാണോ മമ്മൂട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ അയാൾക്കുള്ള പ്രത്യേകത..?

തമിഴർക്ക് രജനികാന്തിനോടോ തെലുങ്കർക്ക് ചിരഞ്ജീവിയോടോ, മലയാളിക്ക് പ്രേം നസീറിനോടോ ഉള്ള ഇഷ്ടത്തിന് കാരണമായ ഘടകങ്ങളാണോ മലയാളിയുടെ ലാൽ പ്രേമത്തിന് പിന്നിൽ…?

മോഹൻലാലിന്റെ യഥാർത്ഥ പ്രതിഭയും മഹത്വവും തിരിച്ചറിഞ്ഞിട്ടുള്ളവർക്ക് അറിയാം,ആ ഇഷ്ടത്തിന്റെയും ആരാധനയുടെയും അർത്ഥം.അതിന് നാഷണൽ അവാർഡോ, ഓസ്കറോ, ഒന്നും സമമാവുകയില്ല, അത് കേവലം വൈകാരിക അർത്ഥം മാത്രമുള്ളതല്ല.

പ്രതിഭയുടെ മാസ്മരികത..

( ടോണി കുരിശുങ്കലോ, സാഗർ കോട്ടപ്പുറമോ,രാജീവ്‌ മേനോനോ ഒരിക്കലും ഓസ്‌കർ അവർഡിന് പരിഗണിക്കപ്പെടില്ലല്ലോ, പക്ഷേ ഒരു സാമാന്യ മനുഷ്യന്റെ കാഴ്ച്ചാ ബോധ്യങ്ങൾക്ക് മനസിലാകും അവാർഡുകളുടെ കള്ളിയിൽ ഒതുങ്ങുന്നതായിരുന്നില്ല മോഹൻലാലിന്റെ പ്രതിഭ എന്ന് )

ലോകോത്തര സംവിധായകരോ, ലോകോത്തര സിനിമകളുടെ പിൻബലമോ, ഇല്ലാതെ,മലയാളം പോലെ ചെറിയൊരു ഇണ്ടസ്ട്രിയിൽ നിന്നും, സാധാരണപ്പെട്ട സിനിമകളിൽ നിന്നും, താരതമ്യങ്ങളില്ലാത്ത വിധം ലോകോത്തരമായി അഭിനയിച്ചുയരുക. പ്രതിഭ ഒന്നുകൊണ്ട് മാത്രം, അയാളുടെ 2000 മുൻപ് 1985 വരെയുള്ള സിനിമകൾ കണ്ടാൽ മനസിലാവും, മറ്റൊരു പ്രത്യേകതയുമില്ലാത്ത സിനിമകൾ, അയാൾ സ്ക്രീനിൽ വന്ന് നിൽക്കുമ്പോൾ പൂർണ്ണതയിലെത്തുന്നത് (പശ്ചാത്തലത്തിന്റെ പരാധീനതകൾ ഉള്ള പൂർണ്ണത )

അയാൾ മനഃപൂർവം കരുതിക്കൂട്ടി, പഠിച്ചും അറിഞ്ഞും ചെയ്തതായിരുന്നില്ല. അരുവിയിലെ നീരോഴുക്ക്പോലെ സ്വശ്ചവും സ്വാഭാവികവുമായി സംഭവിച്ചതാണ്. അത് കഴിഞ്ഞിരിക്കുന്നു. പ്രയത്നിച്ചിട്ടോ ബലം പിടിച്ചിട്ടോ കാര്യമില്ല, മോഹൻലാന്റെ അർത്ഥവും സത്തയും അതായിരുന്നില്ല.

അയാളെ മമ്മൂട്ടിയുമായി താരതമ്യം ചെയ്യുന്നത് നിർത്തുക. അത് വെറും മത്സരബുദ്ധിയും അല്പത്തരവുമാണ്, മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ, അത് തിരിച്ചറിയേണ്ടത് അയാൾ തന്നെയാണ്, താൻ എന്തായിരുന്നു എന്ന തിരിച്ചറിവ്..അതിനെ ആവർത്തിക്കാനോ മറികടക്കാനോ ശ്രമിക്കാതിരിക്കുക, ഇനി ആർക്കുമത് സാധിക്കില്ല, അയാൾക്ക് പോലും.