‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ
1 min read

‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് സിനിമാ പ്രേമികളില്‍ ആകാംഷയുണ്ടാക്കാന്‍ കാരണവും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. കഥ ഫുള്‍ പറയണമെങ്കില്‍ മൂന്ന് സിനിമകളായി പുറത്തിറക്കണമെന്ന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് എന്ന് ആരംഭിക്കുമെന്നുള്ള കാര്യങ്ങളില്‍ വ്യക്തതയൊന്നും ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംങിനെക്കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ ഉണ്ട്. എന്നാല്‍ തനിക്ക് അതില്‍ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു. എമ്പുരാന്‍ ഒരു ബിഗ് ബജറ്റ് ചിത്രമല്ലെന്നും സാധാരണ ഒരു സിനിമയാണെന്നും പൃഥ്വിരാജ് മുമ്പ് പറഞ്ഞിരുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ത്താന്‍ കഴിയും എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്ന് പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറയുകയുണ്ടായി.

അതേസമയം എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എമ്പുരാന്‍ പുറത്തിറങ്ങികഴിയുമ്പോള്‍ ദുല്‍ഖര്‍ ഉണ്ടോ എന്നുള്ളത് കാണാമല്ലോ എന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാന്‍ എന്നതിന്റെ അര്‍ത്ഥം എന്റെ ദൈവം എന്നാണ്. ദൈവത്തോട് അടുത്ത് നില്‍ക്കുന്നയാളെയാണ് അങ്ങനെ വിളിക്കുന്നത്.

ഷാജി കൈലാസിന്റെ ‘കടുവ’, രതീഷ് അമ്പാട്ടിന്റെ ‘തീര്‍പ്പ്’ എന്നിവയാണ് പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ആടുജീവിത’ത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അള്‍ജീരിയയില്‍ നാല്‍പത് ദിവത്തോളം ചിത്രീകരണമുണ്ടാകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. ജൂണ്‍ മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.