‘അയ്യരുടെ അഞ്ചാം വരവ് വെറുതെയാവുമോ?’ ; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ‘CBI 5 THE BRAIN’ ആദ്യത്തെ ടീസർ

സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 – ൻ്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. സീരിസിലെ നാലാം ഭാഗം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്.  രൂപത്തിലും, ഭാവത്തിലും വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത ആ പഴയ സേതുരാമയ്യർ ആയിട്ടാണ് ടീസറിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.  ഏറ്റെടുക്കുന്ന കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ടീസറിൽ നിന്നും പ്രകടമാകുന്നുണ്ട്. എസ് .എൻ സ്വാമി, കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988- ലാണ്. അതിന് ശേഷം ജാഗ്രത, സേതുരാമയർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും സിനിമ ആസ്വാദകരെ ഏറെ ആകർഷിച്ചവയായിരുന്നു.  ചിത്രത്തിൻ്റെ അഞ്ചാം ഭാഗവും മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതെ സമയം ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങിയ സാഹചര്യത്തിൽ പഴയ സിനിമകളിൽ നിന്നും മാറ്റമില്ലാത്ത തരത്തിലാണ് പുതിയ ചിത്രത്തിൻ്റെ ടീസറെന്നും, വ്യത്യസ്തതയും, പുതുമയും ടീസറിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നും പരക്കെ വിമർശനം ഉയരുന്നുണ്ട്.  പഴയ മമ്മൂട്ടിയുടെ രൂപവും, ഭാവവും നീണ്ട കാലഘട്ടത്തിന് ശേഷം സിബിഐ – 5 ൽ നിലനിർത്തുന്നതിന് വേണ്ടിയായിരിക്കണം പഴയ മാതൃകയിൽ ടീസർ      പുറത്തിറക്കിയിരിക്കുന്നതെന്നാണ് മറു പക്ഷത്തിൻ്റെ വാദം.   ചിത്രം പഴയ മാതൃകയെ പിന്തുണയ്ക്കുന്ന തരത്തിലാണ് ടീസർ പുറത്തു വിട്ടെതെങ്കിലും, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിൽ വലിയ വിജയം സിനിമയ്ക്ക് കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും, മമ്മൂട്ടി ആരാധകരും.  പ്രേക്ഷരെ ത്രില്ലടിപ്പിക്കാൻ അയ്യർ വരുന്നു എന്നാണ് സിനിമ ആസ്വാദകർ ഒന്നാകെ ചിത്രത്തെക്കുറിച്ച് പറയുന്നത്.

തിരുവനന്തപുരം, ഹൈദരബാദ്, ദില്ലി എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക വേഷത്തിൽ എത്തുന്നത് ആശ ശരത്താണ്.  മുകേഷ്, സായ്കുമാർ, രഞ്ജിപണിക്കർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രസാദ് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, മാളവിക നായർ, മാളവിക മേനോൻ, അസീസ് നെടുമങ്ങാട്, ഇടവേള ബാബു, അൻസിബ, കോട്ടയം രമേശ്, സുരേഷ് കുമാർ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയാണ്.  നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ അഭിനയത്തിലേയ്ക്ക് തിരിച്ചു വരുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

Related Posts